ബൗധായന ആണ്ടു ബലി ക്രമം

Share the Post:

ശ്രാദ്ധത്തിനു വേണ്ടതെല്ലാം ഒരുക്കിയതിനു ശേഷം ശ്രാദ്ധക്കാരനും ബലിയിടുന്ന ആളും തറ്റുടുത്ത് ആചമിക്കുക. പൂണുനൂൽ ഇടത്തിട്ട്, പവിത്രം (വലത് കൈ മോതിരവിരലിൽ) ഇട്ട്, തെക്കോട്ടിരുന്ന്, കിണ്ടിയിലെ ജലത്തിൽ എള്ളും, ചെറൂളയും ചന്ദനവുമിട്ട്,

“ഗംഗേച യമുനേചൈവ, ഗോദാവരി സരസ്വതി നർമദേ സിന്ധു കാവേരി ജലേസ്മിൻ സന്നിധിം കുരു: ഗംഗാദ്യ സർവതീർത്ഥാ: സന്നിഹിതാസന്തു”

എന്ന മന്ത്രം ജപിച്ചു തീർത്ഥമുണ്ടാക്കി, വടക്കോട്ടിരിക്കുവാൻ പലകയിട്ട്, പലകയിലും മുന്നിലും കുറുമ്പുല്ല് വിരിച്ച്, പ്രണവം (ഓം) ജപിച്ച് ജല, ഗന്ധ, പുഷ്പം അർപ്പിച്ച്, ശ്രാദ്ധക്കാരനെ ഇരുത്തി കാലുകഴുകിക്കുക. ശ്രാദ്ധക്കാരൻ ഇലയിൽ വച്ചിട്ടുള്ള (തുളസിത്തറയിലെ) മണ്ണെടുത്ത് (വലത് കിണ്ടിയിലെ) വെള്ളമൊഴിക്കുമ്പോൾ കാലുകൾ കഴുകുക. ഇടത് കിണ്ടിയിലെ ജലം കൊണ്ട് ആചമിക്കാൻ ഒഴിച്ചു കൊടുക്കക. പവിത്രം അഴിച്ച്, കാലുകഴുകി ആചമിക്കുക.

ബലിയിടുന്ന സ്ഥലത്ത് തെക്കോട്ടിരുന്ന്, ശ്രാദ്ധക്കാരനെ വലത്തോട്ട് ഇരുത്തി പൂണുനൂൽ ഇടത്തിട്ട്, പവിത്രം ഇട്ട്, മുൻ പറഞ്ഞ വിധം തീർത്ഥമുണ്ടാക്കി, മുന്നിൽ മെഴുകി തളിക്കുക. വലത് വശം ബലിപ്പലകയിൽ തൈർ, എണ്ണ, അഞ്ജനം, പാൽ, (തേൻ) ഇവ വടക്കു നിന്നും ക്രമമായി വയ്ക്കുക. ചന്ദന ഓടവും, എള്ള്, ചെറൂള, നെയ്യ്, നൂല് എന്നിവയും വെയ്ക്കുക. ഇടത് വശം മടക്കിയ ഇലയും, അഗ്രമുള്ള 18 പുല്ലും കൂർച്ചവും വെയ്ക്കുക. ദക്ഷിണയ്ക്കുള്ള പണവും, വെറ്റില, അടയ്ക്ക, വസ്ത്രം എന്നിവ എടുത്തു വയ്ക്കുക. മുമ്പിൽ കുറുമ്പുല്ലിൽ കവിയൻ (ഉണക്കലരി വാർത്ത ചോറ്) വയ്ക്കുക. അതിനടുത്ത്, ഇലയിൽ കദളിപ്പഴം, ശർക്കര, ഇഞ്ചിക്കഷ്ണം, പഴങ്ങൾ (വിളമ്പുവാനുള്ളത്) എന്നിവയും ഇഞ്ചിത്തൈരും വയ്ക്കുക.

ബലിയിടുന്നയാൾ പാലകയിലിരുന്ന്, ഇടത് കൈയിൽ തീർത്ഥമെടുത്ത്, വലത് കൈ കൊണ്ട് അടച്ചു 8 പ്രണവം ജപിച്ചു എല്ലാ ബലിസാധനങ്ങളിലും തളിക്കുക (ചാതിക്കുക).

മുന്നിൽ രണ്ടു ദർഭപ്പുല്ലുകൾ തെക്കോട്ട് തലയാക്കി വെച്ച്, അവയ്ക്കിടയിൽ മണൽ നിരത്തുക. എഴുന്നേറ്റ് ശ്രാദ്ധക്കാരന് കൈയ്ക്ക് വെള്ളം, ചന്ദനം, ചൂടാൻ പൂവ് കൊടുത്തു് ശ്രാദ്ധക്കാരന്റെ കൈ തലോടി, ഒരു വെള്ളം കൊടുത്ത ദക്ഷിണ നൽകുക. എള്ളും, പൂവും, ചന്ദനവും തീർത്ഥവും ദക്ഷിണ പണവും വലതു കൈയിലെടുത്ത്, ഇടത് കൈ മാറത്തു വെച്ച്,

“ഓം ഏകോദ്ദിഷ്ഠ ശ്രാദ്ധം ഇദം ഓം തത് സത്”

എന്ന മന്ത്രം ജപിച്ചു, ദക്ഷിണ ചെയ്ത്, ഒരു വെള്ളം, അടയ്ക്ക, വസ്ത്രം ഇവ ദക്ഷിണ നൽകുക. തുടർന്ന്, ശ്രാദ്ധക്കാരൻ ഇല നിവർത്തിയാൽ, ഇലയിൽ എള്ളിട്ട് ഉപസ്തരിക്കുക (നെയ്യ് തൊടുവിക്കുക). കവിയൻ വിളമ്പി കദളിപ്പഴം, ശർക്കര, ഇഞ്ചിനുറുക്ക്, ഇഞ്ചിത്തൈര് എന്നിവയും വിളമ്പി, നെയ് വിളമ്പി, കുടിക്ക് നീർ കൊടുക്കുക.

ശ്രാദ്ധം ഉണ്ണുന്നയാൾ ഇടത് കൈ ഇലയിൽ തൊട്ട്, വലത് കൈയിൽ ബലിയിടുന്നയാൾ ഒഴിച്ചു കൊടുക്കുക. “ഭൂർഭുവസ്വരോം” എന്ന മന്ത്രം ജപിച്ചു ഇലയ്ക്കും ചോറിനും വളച്ചു തൊടുക. രണ്ടാമതും ജലം വാങ്ങി “അമൃതമസി” എന്ന് ചോറിൽ തൊട്ട്, വീണ്ടും തീർത്ഥം വാങ്ങി, “അമൃതോപസ്തരണമസി” എന്ന് ജപിച്ചു കുടിച്ച് കഴിഞ്ഞാൽ, ബലിയുന്നയാൾ പൂവ് ആരാധിച്ച് കഴിഞ്ഞ്, പ്രാണാഹൂതി ജപിച്ച് കുറേശ്ശേ കവ്യൻ കഴിക്കുക. “പ്രാണായ സ്വാഹാ, അപനായ സ്വാഹാ, വ്യാനായ സ്വാഹാ, ഉദാനായ സ്വാഹാ, സമാനായ സ്വാഹാ” എന്ന് പ്രാണാഹൂതി, അനന്തരം ഊണിനുള്ള വിഭവങ്ങൾ വിളമ്പുക. ശ്രാദ്ധക്കാരൻ ഊണ് കഴിക്കുക.

പിന്നീട് ബലിയിടുന്നിടത്ത് ഇരുന്ന്, മണ്ണ് നിരത്തി, പുല്ല് വച്ചതിൽ, വലത് വശത്തെ പുല്ലെടുത്ത്, നടുക്ക്‌ നിരത്തിയ മണലിൽ മൂന്ന് പ്രാവശ്യം വടക്കു നിന്ന് തെക്കോട്ട് കീറുക. പുല്ല് പൊട്ടിച്ചു കളഞ്ഞ് ആ മണലിൽ സകൃതാച്ചിന്നം (ബാക്കിയിരിക്കുന്ന 16 പുല്ലുകൾ) വിരിച്ച് അതിൽ വെള്ളം, ചന്ദനം, പൂവ് മുമ്മൂന്ന് പ്രാവശ്യം അർച്ചിക്കുക. കൂർച്ചവും, ചന്ദനം, പൂവ്, എള്ള്, തീർത്ഥം ഇവയുമെടുത്ത് പിതൃ വിനെ “വിശ്വാമിത്ര ഗോത്രേ (പിതൃവിന്റെ പേര്) ആവഹയാമി” എന്ന മന്ത്രത്താൽ ആവാഹിച്ച്, വിരിച്ച പുല്ലിൽ വയ്ക്കുക. അതിൽ വെള്ളം, ചന്ദനം, വെള്ളം, പൂവ്, വെള്ളം ഇവ ഒമ്പതീത പ്രാവശ്യം കൊടുക്കുക (എല്ലാവരും പ്രത്യേകം കൊടുക്കണം). ഇടത് വശത്ത് വച്ചിട്ടുള്ള ഇല നിവർത്തി എള്ള് ഇട്ട് ഉപസ്തരിച്ച് കാവ്യൻ വിളമ്പുക. എള്ളും നെയ്യും കൂട്ടി, പിണ്ഡം ഉരുട്ടി വെച്ച് എള്ള് പൊതിഞ്ഞ്, ഒരു ഇലക്കീറ് കൊണ്ട് അടയ്ക്കുക. കൂർച്ചത്തിന്റെ തലയ്ക്കലും പുല്ലിന് നടുവിലും ഓരോ വെള്ളം കൊടുത്ത്, മന്ത്രാവസാനത്തിങ്കൽ പുല്ലിൽ വെയ്ക്കുക.

“അയമോദന കാമദുഘോസ്തു
അനന്ധോ ക്ഷീയമാണ:സുരഭീ
സർവ കാമീ
സത്വോപതിഷ്ഠതു, അജേരോ നിത്യ
പൂത സ്വധാന്ദു ഹാനാം
അമൃതാഗങ്ങ് സ്‌തർപ്പയന്തു (_പേര് ) ഉപതിഷ്ഠതു.”

തുടർന്ന്, വലത് കൈയിൽ തൈര് ഒഴിച്ച്, പിണ്ഡത്തിന്റെ മേലേ വീഴ്ത്തുക. പൂണൂൽ വലത് വശമിട്ട്, വശം തിരിഞ്ഞിരുന്ന്, പശുക്കളെയും ബ്രാഹ്മണരേയും സ്മരിക്കുക. പൂണുനൂൽ ഇടത്തിട്ട്, നേരെ ഇരുന്ന്, ഒരു വെള്ളം പിണ്ഡത്തിൽ വീഴ്ത്തി, അഞ്ജനം, എണ്ണ എന്നിവയും മുൻ പറഞ്ഞ രീതിയിൽ, ഇടയ്ക്കു വെള്ളത്തോട് കൂടി പിണ്ഡത്തിൽ വീഴ്ത്തി, നൂൽ നനച്ച് പിണ്ഡത്തിൽ ഇടത്തൂടെ ചുറ്റി, ഒരു വെള്ളം കൊടുത്ത് തൃപ്തി കൊടുക്കുക. കവിയൻ വിളമ്പിയ തൂശനിലയിൽ കവിയൻ വിളമ്പി, ഇല ഇടത്തോട്ട് കോട്ടി, ഇടത് കൈയിൽ പിടിച്ച്, തീർഥ്തം, നെയ്യ്, (തേൻ), പാൽ, പാൽപ്പാത്രം കഴുകിയ ജലം ഇവ ഒഴിച്ച് ചന്ദനവും പൂവും ഇട്ട് തീർത്ഥവും ഒഴിച്ച്, മന്ത്രാവസാനത്തിങ്കൽ മൂന്നു പ്രാവശ്യം അപ്രദക്ഷിണമായി പിണ്ഡത്തിന് ചുറ്റും തൂവുക.

“ഊർജ്ജസ്വതി സ്വധയാ വന്ദമാന
സ്താങ്സ്‌തേസ്രവന്തി സ്യോനാ:
ഊർജ്ജം വഹന്തീസ്വധമക്ഷിതോദകാ
ക്ഷീരം, ഉദകം, ഘൃതം, (മധു), പയ:കീലാലം
പരിസൃതം, സ്ഥ:തർപ്പയതമേ പ്രേതം
തൃപ്യസ്വ തൃപ്യസ്വ തൃപ്യസ്വ:”

ഇല താഴെ വച്ച്, ഊർച്ചത്തിങ്കൽ ഒരു വെള്ളം കൊടുത്ത്, പൂണുനൂൽ വലത്തിട്ട്, വലത്തോട്ട് തിരിഞ്ഞ് പുണ്യ സ്ഥലങ്ങളേയും സപ്‌തനദികളേയും സ്മരിക്കുക. തെക്കോട്ടിരുന്ന് പൂണുനൂൽ ഇടത്തിട്ട്, മൂന്ന് പ്രാവശ്യം വീതം വെള്ളം, ചന്ദനം, പൂവ് ഇവ കൊടുത്ത്, പിതൃവിനെ ഉദ്ദ്വസിക്കാം. എള്ളും പൂവും ചന്ദനവും തീർത്ഥവും രണ്ടു കൈയിലുമായി എടുത്ത് പിതൃ ലോകത്തേക്ക്, “വിശ്വാമിത്ര ഗോത്രേ (പിതൃവിന്റെ പേര്) ഉദ്ദ്വാസയാമി” എന്ന മന്ത്രത്താൽ ഉദ്ധ്വസിച്ച് കൂർച്ചത്തിൽ വെയ്ക്കുക. തുടർന്ന് കൂർച്ചം അഴിച്ച്, തൃപ്‌തിക്ക് ഉപയോഗിച്ച ഇലയിൽ, പുല്ലോടു കൂടി പിണ്ഡവും തൂവിയതുമെല്ലാം എടുത്ത് വയ്ക്കുക. ശ്രാദ്ധക്കാരന് കുടിക്കുനീർ “അമൃതാപിധാനമസി” എന്ന മന്ത്രം ചൊല്ലി കുടിച്ചാൽ ശ്രാദ്ധക്കാരന് എഴുന്നേൽക്കാം.

ബലിയിടുന്നയാൾ പൂണുനൂൽ മാലപോലെയിട്ട് (നിവീതമായി), പിണ്ഡത്തോടെ ഇല വലതു കൈയിലെടുത്ത്, കിണ്ടിയിൽ വെള്ളവുമെടുത്ത്, വെളിയിൽ ചാണകം മെഴുകിയ സ്ഥലത്ത്, കിണ്ടിയിലെ ജലം ഒഴിച്ച് പിണ്ഡം വെയ്ക്കുക. അടിയിലെ ഇല നെടുകെ കീറി ഇരു വശത്തായി ഇടുക. കൈ കഴുകി പൂണുനൂൽ വലത്തിട്ട്, കൈ കൊട്ടി, പവിത്രം ഊരിക്കളയുക. അകത്തു വന്നു കാൽ കഴുകി ആചമിക്കുക. ശ്രാദ്ധക്കാരനെ വലതോട്ടിരുത്തി, പൂണുനൂൽ ഇടത്തിട്ടു, ശ്രാദ്ധക്കാരൻെറ കൈയിൽ വെള്ളം കൊടുത്ത്, വെറ്റില, പാക്ക്, അട ഇവ ദക്ഷിണ ചെയ്ത് വലത്തിട്ട് അഭിവാദ്യം ചെയ്ത് നമസ്കരിക്കുക. ശ്രാദ്ധക്കാരൻ “സുശ്രാദ്ധമസ്തു” എന്ന് പറഞ്ഞാൽ ശ്രാദ്ധക്കാരന് എഴുന്നേൽക്കാം. പിന്നീട് ഭസ്മം തൊടുക. കിഴക്കോട്ടിരുന്ന് ബലി സാധനങ്ങൾ വിളമ്പി, ശേഷം കഴിക്കുക.

Share the Post:
Article from Sivadam