കോട്ടയത്ത് ഒരു തറവാട്ടുവീട്ടിൽ ജീവിക്കുന്ന ഒരു കുടുംബം. നാലുകെട്ടും ഒരുപാട് പറമ്പും എല്ലാം നിറഞ്ഞ സ്ഥലം ആയിരുന്നു അവരുടേത്. ഒരു വലിയ മാവുണ്ട് അവിടെ. ഏകദേശം 60-65 അടിയോളം ഉയരം വരും. അതായിരുന്നു ആ പ്രദേശത്തിൻറെ അടയാളം. കുടുംബത്തെ പറ്റിയും തലയെടുപ്പോടെ നിൽക്കുന്ന ആ മാവിനെ പറ്റിയും ആ നാട്ടിൽ അറിയാത്ത ആരുംതന്നെ ഉണ്ടായിരുന്നില്ല.
കുടുംബത്തിന്റെ കാരണവർ ആ നാട്ടിലെ വലിയ ഒരു പ്രമാണി ആയിരുന്നു. മരിച്ചിട്ട് ഇപ്പൊൾ ഒരു 10 വർഷം ആകുന്നു. മകൻ കേശവൻ റിട്ടയേർഡ് സർകാർ ഉദ്യോഗസ്ഥൻ ആണ്. വിരമിച്ചതിന് ശേഷം ഇപ്പൊൾ അനിയൻ ഹരിയുടെ കൂടെച്ചേർന്ന് കൃഷി ഒക്കെ നോക്കി നടത്തുന്നു. ഭാര്യ സരസ്വതി റിട്ടയേർഡ് അധ്യാപിക. അടുത്തുള്ള സ്കൂളിൽ തന്നെ ആയിരുന്നു സേവനം അനുഷ്ഠിച്ചത്. ഹരി, കേശവന്റെ അനിയൻ കല്യാണം കഴിച്ചിട്ടില്ല. കൃഷി ആണ് പ്രധാന തൊഴിൽ. കേശവന്റെയും സരസ്വതിയുടെയും മൂത്തമകൻ മാധവൻ തിരുവനന്തപുരത്തുള്ള മനോരമ ഓഫീസിൽ ആണ് ജോലി ചെയ്യുന്നത്. ഭാര്യ അനില ട്യൂഷൻ ടീച്ചർ ആണ്. അനിരുദ്ധിനിപ്പോൾ 3 വയസ്സ്. ഇളയമകൻ ശങ്കർ, പടുത്തത്തിനായി യുകെയിൽ ആയിരുന്നു 4½ വർഷമായിട്ട്. പഠിത്തം പൂർത്തിയാക്കി ഇപ്പൊൾ 1 മാസത്തെ അവധിക്കായിട്ട് വീട്ടിൽ എത്തിയിട്ടുണ്ട്. അവധി പ്രമാണിച്ച് മാധവനും കുടുംബവും തിരുവനന്തപുരത്ത് നിന്നും എത്തിയിട്ടുണ്ട്.
വീടിനോട് ചേർന്ന് പുറകിലായി ഓടിട്ട ഒരു മാളികയുണ്ട്. കേശവന്റെയും ഹരിയുടെയും കുട്ടികാലത്ത് ഒത്തിരി കളിച്ചും ചിരിച്ചും ചിലവിട്ടത് ആണവിടെ. അവരുമായി അത് വൈകാരികമായി ബന്ധപെട്ടിരിക്കുകയാണ്. എന്നാൽ ഇപ്പൊൾ പഴയ കുറെ സാധങ്ങളും ഫർണിച്ചറുകളും ഒക്കെ സൂക്ഷിച്ചുവെച്ചിരിക്കുകയാണ് അവിടെ.
ഓഗസ്റ്റ് മാസമാണ്. നല്ല മഴയുള്ള സമയം. അങ്ങനെ ഒരു രാത്രിയിലാണ് ആ സംഭവം, ഏകദേശം 12 മണി കഴിഞ്ഞു. നല്ല മഴയും കാറ്റും. അടുത്തുള്ള എവിടെയും കറൻ്റ് പോലുമില്ല. എല്ലാവരും ഉറങ്ങി കഴിഞ്ഞിരുന്നു. അപ്പോൾ ആണത് സംഭവിച്ചത്.
‘ഠിം’.
ഭൂമിയിലേക്ക് എന്തോ ഒന്ന് പൊട്ടിവീഴുന്നത് പോലെ ആയിരുന്നു ആ ശബ്ദം. കേശവൻ ഞെട്ടി ഉണർന്നു.
മുറിയിലെ ജനൽ തുറന്ന് നോക്കി. മഴയും ഇടിയും കാരണം ഒന്നും കാണാൻ സാധിച്ചിരുന്നില്ല. ഇടക്ക് മിന്നലിന്റെ വെളിച്ചം മാത്രം. വ്യക്തമായില്ല ഒന്നും തന്നെ. ടോർച്ച് എടുത്ത് ജനലിൽ കൂടെ തന്നെ വെളിയിലേക്ക് നോക്കി. ഒന്നും കാണുന്നില്ല. എന്താണ് ശബ്ദം കേട്ടത് എന്ന് കേശവന് മനസ്സിലായില്ല. കറൻ്റ് ഇല്ലാത്തതിനാൽ വെളിയിലെ ലൈറ്റ് ഓൺ ചെയ്യാനും സാധിക്കില്ല. ഒന്നും കാണാൻ സാധിച്ചില്ലാത്തതുകൊണ്ട് കേശവൻ ജനലും അടച്ചു കിടന്നു.
പിറ്റേദിവസം രാവിലെ, സൂര്യൻ മങ്ങലോടെ മേഘങ്ങൾക്കിടയിൽ നിന്നും തല ഉയർത്തി. കനത്ത മഴയ്ക്ക് ശേഷം മണ്ണിൽ നിന്നും ഒരു പുഞ്ചിരിപ്പിക്കുന്ന തണുത്ത ഗന്ധം. വഴികളിൽ വെള്ളം ചെറിയ കുളങ്ങളായി കെട്ടിക്കിടന്നു.
നിലത്തുകിടക്കുന്ന കൊമ്പുകളെയും വീണ ഇലകളെയും കണ്ടാൽ മഴയുടെ ശക്തി മനസ്സിലാക്കാം. പക്ഷേ ആകാശം ഇപ്പൊൾ ശാന്തമാണ്. രാത്രിയിലെ മഴയും ഇടിമിന്നലും ഒരു ഓർമ മാത്രമായി. പക്ഷികൾ പാട്ട് പാടി തുടങ്ങി.
കേശവൻ വെളിയിലേക്ക് ഇറങ്ങി നോക്കിയപ്പോൾ ആണ് അത് മനസ്സിലായത്. വീടിന്റെ പിന്നിൽ നിന്നിരുന്ന ആ മാവ് പിന്നിലെ മാളികയുടെ മുകളിലേക്ക് വീണിരിക്കുന്നു. അവൻ സങ്കടം താങ്ങാനായില്ല.
എത്രയോ വർഷങ്ങളായി ഈ മാവ് അവിടെ നിലം ഉറപ്പിച്ചിട്ട്. കേശവന് അത് കണ്ട് വിശ്വസിക്കാൻ പറ്റിയില്ല. അവൻ ഉടനെ തന്നെ ഹരിയെ വിളിച്ചു. അകത്തുനിന്നും ചേട്ടന്റെ വിളി കേട്ടിറങ്ങി വന്നു. ഹരിയുടെ കണ്ണുകളെ അവന് വിശ്വസിക്കാൻ പറ്റിയില്ല. വലിയൊരു ദുഃഖം അവന്റെ മുഖത്ത് തെളിഞ്ഞു.
“അയ്യോ നമ്മുടെ മാവ്…”
ഹരി മാവിന്റെ ഭീമൻ തടി മാളികയുടെ മുകളിലേക്ക് വീണിരിക്കുന്നത് കണ്ട് കൈ തലയിലേക്ക് വെച്ചു. ഹരിയുടെ സംസാരം കേട്ട് അകത്തുനിന്നും സരസ്വതി ഇറങ്ങി വന്നു.
“ദൈവമേ… അത്രക്ക് മഴയും കാറ്റും ആയിരുന്നോ ഇന്നലെ രാത്രിയിൽ?”
“കണ്ടിട്ട് മനസ്സിലായില്ലേ” ദേഷ്യത്തോടുകൂടി കേശവൻ തിരിച്ചു പറഞ്ഞു.
ശബ്ദം കേട്ട് അകത്തുനിന്നും ശങ്കറും മാധവനും ഇറങ്ങി വന്നു.
മാധവ്: “ആ… ഇത് താഴെ വീണോ? ഇതായിരുന്നു അല്ലേ രാത്രി നല്ല ശബ്ദം കേട്ടത്…”
ശങ്കർ: “തടി എടുത്ത് വിറ്റാൽ നല്ല പൈസ കിട്ടും.”
കേശവൻ: “എത്രയെത്ര പ്രളയങ്ങളേയും കാറ്റുകളേയും അതിജീവിച്ചതാണ് ഈ മാവ്.”
എല്ലാവരും മറിഞ്ഞുകിടന്ന മാവിനെയും മാളികയും നോക്കി നിന്നു. അപ്പോൾ ആണ് അനിലയും കൂടെ അനിരുദ്ധും കൂടെ അകത്തുനിന്നും ഇറങ്ങി വന്നത്.
“ഇത് എന്തിനാ മുത്തശ്ശാ മുറിച്ചത്. ” കുഞ്ഞു ശബ്ദത്തോടെ അവൻ കേശവനോട് ചോദിച്ചു.
കേശവൻ: “മുറിച്ചതല്ല കുട്ടാ അത്. മഴയത്ത് വീണതാണ്. കണ്ടില്ലേ? എന്തോരം ഇലകളും ചില്ലകളും ആണ് താഴെ വീണുകിടക്കുന്നത്.”
ഹരി: “ഇനി ഇപ്പം എന്താ ചെയ്യുക? ആ മാളികയുടെ ഉള്ളിൽ എന്തൊക്കെയോ സാധനങ്ങൾ ഇരിപ്പുണ്ടായിരുന്നു.”
കേശവൻ: “അത് പോട്ടെ എന്ന് വെക്കാം… എത്രയോ നാളായി ഇവിടെ വേരുറച്ച മാവായിരുന്നു ഇത്. നമ്മുടെ കുട്ടിക്കാലം മുതൽ ഇവിടെ ഉണ്ടായിരുന്നത് അല്ലേ.”
സരസ്വതി: “ആ പോട്ടെ… ഇനി അത് പറഞ്ഞിട്ട് കാര്യമില്ലല്ലോ. എത്രയും വേഗം ഇവിടുന്ന് ഇത് മാറ്റാനുള്ള കാര്യങ്ങൽ ചെയ്യൂ.”
കേശവൻ: “നിന്റെ കണക്കിൽ ഇതിന് എത്ര പ്രായം കാണും ഹരി?”
ഹരി: “എന്തായാലും ഒരു 70-75 വർഷത്തെ പ്രായം കാണും”
കേശവൻ: “നമ്മളെക്കാൾ പ്രായമുണ്ട് ഇവന്”
മാധവൻ: “അപ്പോൾ ഇതാരാണ് നട്ടത്? മുത്തശ്ശൻ ആണോ?”
ശങ്കർ: “ആവും. ഈ മാളിക പണിതപ്പൊൾ നട്ടതാവും അല്ലേ കൊച്ചച്ഛാ?”
ഹരി: “അച്ഛൻ പണ്ട് പറഞ്ഞുതന്ന കഥകൾ ഒക്കെവെച്ചു നോക്കുമ്പോൾ ഏകദേശം അങ്ങനെയാവാൻ ആണ് സാദ്ധ്യത”
അനിരുദ്ധ് : “(അമ്മയോട്) മുത്തശ്ശന് മാങ്ങ ഇഷ്ട്ടമല്ലാത്തത് കൊണ്ടാണോ മരം മുറിച്ചത്?”
അനില: “അല്ലല്ലോ… മരം തന്നെ വീണതാണ് കണ്ടില്ലേ… നമ്മൾ ഇന്നലെ ഉറങ്ങിയപ്പോൾ നല്ല മഴ അല്ലായിരുന്നോ. ആ മഴയിൽ താഴെ വീണതാണ് ഈ മരം.”
അനിരുദ്ധ്: “അതെന്താ മഴയ്ക്ക് മാങ്ങ ഇഷ്ടമല്ലേ.”
അനില: “ആയിരിക്കില്ലടാ… അതാകും”
ബാക്കിയുള്ളവർ മാവിനെ പറ്റിയും മാളികയെ പറ്റിയും സംസാരിച്ചുക്കൊണ്ടെ ഇരുന്നു.
കേശവൻ: “അച്ഛന് വളരെ പ്രിയപ്പെട്ട സ്ഥലം ആയിരുന്നു ഈ മാവും ചുറ്റിപ്പറ്റിയ ഈ പ്രദേശവും.”
ഹരി: “നമ്മക്ക് മാവിഞ്ചോട്ടിൽ ഇരുന്ന് കഥ പറഞ്ഞുതന്നതോക്കെ ഞാൻ ഓർക്കുന്നുണ്ട്.”
കേശവൻ: “ഈ മാവിൽ ആയിരുന്നു അച്ഛൻ എനിക്കു ഹരിക്കും ആദ്യത്തെ ഊഞ്ഞാൽ കെട്ടി
തന്നത്. നിങ്ങളും ഇതേ സ്ഥലത്ത് തന്നെ അല്ലേ ഊഞ്ഞാൽ ഉണ്ടായിരുന്നത് (മാധവിനേയും ശങ്കറിനെയും നോക്കിക്കൊണ്ട്)”
അവർ തലയാട്ടി.
ഹരി: “നമ്മുടെ വീട് പണിയുന്നതിന് മുമ്പ് ഈ മാളികയിൽ ആയിരിന്നു താമസ്സിച്ചോണ്ടിരുന്നത്. എനിക്കൊരു 4-5 വയസ്സ് ആയിട്ടാണ് ഇപ്പോഴത്തെ വീട് പണിതത്.”
മാധവൻ: “ഇനി എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കൂ ഇനി.”
ശങ്കർ: “ഏതായാലും നന്നായി… അമ്മക്ക് ഇനി ഇവിടെ തൂക്കണ്ടല്ലോ. എന്തോരം ഇലകളായിരുന്നു ഒരുദിവസം തന്നെ പൊഴിഞ്ഞു വീഴുന്നത്.”
സരസ്വതി: “അതൊക്കെ ശെരിയാണ് എന്നാലും ഇതിലെ മാങ്ങക്കൊരു പ്രത്യേക സ്വാദാണ്.”
എല്ലാവരും അതിനോട് യോജിച്ചു.
കേശവൻ: “ഇതിലെ മാങ്ങകൊണ്ട് ഉണ്ടാക്കുന്ന മാമ്പഴ പുളിശ്ശേരിക്ക് നല്ല രുചിയായിരുന്നു.”
ഹരി: “അതേ നല്ല സ്വാദായിരുന്നു.”
സരസ്വതി: “പുതിയൊരു മാവ് നടണം. ഒരു മരം വീഴുമ്പോൾ പുതിയൊരു മരം നടണം നമ്മുടെ വരും തലമുറകൾക്കുവേണ്ടി. അല്ലേടാ കുട്ടാ… (അനിരുദ്ധിന്റെ നേരെ തിരിഞ്ഞതിനു ശേഷം)
അനിരുദ്ധ് പുഞ്ചിരിച്ചു.
എല്ലാവരും അതിനോട് യോജിച്ച് തലകുലുക്കി.
കേശവൻ: “ഇത് മറ്റൊരു നഷ്ടം പോലെ തോന്നുന്നു. അച്ഛനെ പോലെ.”
അവൻ താഴെ കിടന്നിരുന്ന മാങ്ങ എടുത്ത് കൈവശം വെച്ചു. എല്ലാവരും മാങ്ങ പേറുക്കിവെക്കാൻ തുടങ്ങി.
വീണ വൃക്ഷം മണ്ണിൽ ചിതറുമ്പോൾ അത് പുതിയ ജീവനും വളർച്ചക്കും അവസരം ഒരുക്കും. അതുപോലെ തന്നെയാണ് ബന്ധങ്ങളും, തകർന്ന ബന്ധങ്ങൾ പുതിയ പാഠങ്ങൾ പഠിപ്പിക്കുകയും പുതിയ ബന്ധങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യും.
അന്തരീക്ഷത്തിൽ കാറ്റ് ശാന്തമായി ഒഴുകി. മിന്നലിന്റെയും മേഘഗർജ്ജനത്തിന്റെയും ശബ്ദം കെട്ടുത്തുടങ്ങി. ആകാശത്ത് ഇരുണ്ടമേഖങ്ങൾ കൂടി വന്നു. എല്ലാവരും മുകളിലേക്ക് നോക്കി.
വീണ്ടും മഴ പെയ്യാൻ തുടങ്ങിക്കഴിഞ്ഞിരുന്നു.
“അമ്മേ ദേ… വീണ്ടും മഴ പെയ്യുന്നു. അടുത്ത മരം വീഴുന്നതിന് മുമ്പ് നമ്മക്ക് അകത്തേക്ക് പോകാം…” അനിരുദ്ധ് പറയുന്നതും കേട്ട് എല്ലാവരും ചിരിച്ചുകൊണ്ട് വീടിന്റെ അകത്തേക്ക്.


