ഒരു പരിചയപ്പെടൽ

Share the Post:

അമ്പലത്തിൽ ദേശാഭിമാനി ഇട്ടിരുന്ന കുഞ്ഞാപ്പു ചേട്ടനുമായുള്ള ഒരു ബസ് യാത്രയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. അങ്ങേരുടെ ശരിക്കും പേരു എന്താണെന്നു ആർക്കും അറിവുള്ളതായി, എനിക്ക് അറിവില്ല. ഒറ്റക്കാലൻ ആണ്. കൊമ്പൻ മീശയും അതിനൊത്ത താടിയും ഉള്ള തന്റേടി. കള്ളു കുടിക്കാൻ ഉള്ള വരുമാനം ഒപ്പിക്കാൻ ആണ് പ്രധാനമായും പത്ര വിതരണം നടത്തി പോരുന്നത്. ഒറ്റക്കാലന്റെ ബല കുറവ് ഒന്നും ആ ശരീരത്തിൽ നമുക്ക് കാണാൻ ആകില്ല. അതിനിടയിൽ ഒരു കാൽ ഇല്ല എന്ന സഹതാപം കൊണ്ട് അങ്ങു ചെന്നാൽ ഉണ്ടായേക്കാവുന്ന അപകടം ചെറുതല്ല എന്നു അറിയാത്തവരും ആരും തന്നെയില്ല. അങ്ങനെയുള്ള അദ്ദേഹവുമായിട്ട് ആണ് ഒരിക്കൽ ഒരു ബസ്സിൽ അടുത്തിരുന്ന് യാത്ര ചെയ്യേണ്ടി വന്നത്.

അന്ന് പ്രധാനമായും മൂന്നു പത്രങ്ങളെ നാട്ടിൽ ഉള്ളു. മനോരമ, മാതൃഭൂമി, പിന്നെ കുറച്ചു ദേശാഭിമാനി. ആദ്യത്തെ രണ്ടിന്റെയും സർക്കുലേഷൻ വെച്ച് നോക്കുമ്പോൾ ദേശാഭിമാനി എണ്ണത്തിൽ കുറവ് ആയിരുന്നു. മറ്റ് പത്രങ്ങൾ, തീരെ ഇല്ല എന്നു തന്നെ പറയാം. എന്നാലും, എല്ലാ പത്രങ്ങളും മേടിച്ചു വായിക്കുന്ന മാധവൻ സാറിനെ പോലുള്ളവർക്ക് വേണ്ടി ഒന്നോ രണ്ടോ മറ്റു പത്രങ്ങളും ഉണ്ടായിരുന്നു. ഈ പറഞ്ഞ മാധവൻ സാറിനെ പോലുള്ളവരെ നമുക്ക് പെട്ടന്ന് തിരിച്ചറിയാൻ ആകും. എല്ലാ പത്രങ്ങളിലും വരുന്ന ഒരേ വാർത്തകളുടെ, പല പകർപ്പുകൾ വായിക്കുന്നത് കൊണ്ടാകും, അവർക്ക് എല്ലാത്തിനോടും, എപ്പോഴും ഒരു “ഫീലിങ് പുച്ഛം”ആയിരിക്കും!

ഈ ഇടെയായി മറ്റു പത്രങ്ങളുടെ എണ്ണത്തിലും കാര്യമായ വർദ്ധനവ് ഉണ്ടായിട്ട് ഉണ്ട് എന്ന് പറയാം. ഏത് ബിസിനസ് ആയാലും അത് അങ്ങനെ തന്നെ ആണല്ലോ; എല്ലാവരും തങ്ങളാൽ ആകുന്ന വാണിജ്യ തന്ത്രങ്ങൾ പയറ്റി, ആദ്യം പിടിച്ചു നില്ക്കാനും, പിന്നീട് പടി പടി ആയി കയറി വരാനും ഉള്ള വഴികൾ നോക്കും.

പക്ഷെ, കുഞ്ഞാപ്പു ചേട്ടൻ പത്രം ഇട്ടിരുന്ന കാലത്ത് ഇതല്ല സ്ഥിതി. ഞാൻ പറഞ്ഞല്ലോ, ആള് ഒരു ഒറ്റക്കാലൻ ആണ്. പണ്ടെങ്ങോ ട്രെയിനിൽ നിന്ന് വീണ്‌, അറ്റ് പോയ വലത്തെ കാലിനു പകരം, ഉരുണ്ട ഒരു തടി കഷ്ണം കുത്തി ആണ് നടപ്പ്. ഇന്നത്തെ പോലെ മൊബൈൽ ഫോൺ, അത്ര വ്യാപകമായി നാട്ടിൽ കാര്യങ്ങൾ അറിയിച്ചു തുടങ്ങിട്ടില്ല. പലർക്കും, രാവിലെ പത്രം കണി കാണേണ്ടതിന്റെ ഒരു ദു:ശീലം ഉണ്ട്. പ്രത്യേകിച്ചും, ഒരല്പം പ്രായം ചെന്നവർക്ക്! അതിൽ തന്നെ, താമസിക്കും തോറും കൈ വിറക്കുന്നവർ തൊട്ട്, ദേഹമാസകലം വിറക്കുന്നവർ വരെ ഉണ്ട്. എന്നാൽ, ഒരു മാനുഷിക പരിഗണന വെച്ചു കുഞ്ഞാപ്പുവിനോട് കുറച്ചു കൂടി നേരത്തെ വരണം എന്നു പറയാൻ എല്ലാവർക്കും മടി ആണ് താനും. പക്ഷെ, ഒളിഞ്ഞും മറിഞ്ഞും ഒക്കെ പലരും അത് സൂചിപ്പിച്ചു തുടങ്ങിയ കാലം. കുഞ്ഞാപ്പു തന്റെ സ്വതസിദ്ധമായ നാടൻ പദപ്രയോഗങ്ങൾ കൊണ്ട് എല്ലാവരെയും അടിച്ചമർത്തി മുന്നോട്ട് പോയെങ്കിലും, അധികം വൈകാതെ അദ്ദേഹത്തിന് തന്നെ അതിന്റെ ഗൗരവം മനസ്സിലായിരിക്കണം. ഏതയാലും അതിന് ഒരു പരിഹാരം എന്നോണം അദ്ദേഹത്തിന്റെ തന്നെ തലയിൽ ഉദിച്ച ഒരു ബുദ്ധി ആണ് അമ്പലത്തിൽ മേൽ പറഞ്ഞ പത്രങ്ങൾ എല്ലാം കൂടി ഒരുമിച്ച് ഇടുക എന്നത്. മിക്കവാറും എല്ലാ വീട്ടിലെയും സ്ത്രീ ജനങ്ങൾ അതി രാവിലെ അമ്പലത്തിൽ വന്നു പോകുന്നവർ ആയത് കൊണ്ട്, അദ്ദേഹത്തിന്റെ ബുദ്ധി എത്ര മാത്രം വിജയിച്ചു എന്നു പറയേണ്ടതില്ലല്ലോ!

അദ്ദേഹത്തിന്റെ ഈ സ്വഭാവം കൊണ്ട് തന്നെ അനേകം കെട്ട് കഥകളും നാട്ടിൽ പ്രചാരത്തിലുണ്ട്. അതിലൊന്ന് എന്തോ കള്ളത്തരം കാണിക്കുന്നതിന് ഇടയിൽ പിടിക്കപെടാതെ ഇരിക്കാൻ, ഓടിക്കൊണ്ട് ഇരിക്കുന്ന ട്രെയിനിൽ നിന്നും എടുത്തു ചാടിയത് ആണെന്നും, അങ്ങനെ നഷ്ടപ്പെട്ടത് ആണ് വലത്തെ കാൽ എന്നതും ആണ്. ഏതായാലും എല്ലാം കൂടി ആൾക്ക് ഒരു വില്ലൻ പരിവേഷം ഉണ്ട് എന്ന് തന്നെ പറയാം.

അങ്ങനെ ഇരിക്കെ ഒരു ദിവസം ഞാൻ എന്തോ ആവശ്യത്തിന് തലയോലപ്പറമ്പിൽ പോകുകയുണ്ടായി. പ്രധാനമായും ഇന്റർനെറ്റ് കഫേയിൽ കയറി ഏതോ പരീക്ഷക്ക് അപേക്ഷിക്കുക ആയിരുന്നു ഉദ്ദേശം. അവിടെ നല്ല തിരക്ക് ആയിരുന്നതിനാൽ അങ്ങനെ കുറച്ചു സമയം പോയി കിട്ടി. അവിടെ നിന്നും ഇറങ്ങി ബസ്സ്റ്റാൻഡിൽ വന്നു കുറച്ചു നേരം നിന്നു. വീട്ടിലേക്ക് ചെന്നിട്ട് പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ല. സന്ദീപും, ഗോകുലും ഒക്കെ ഓരോ ജോലിക്ക് പോയി തുടങ്ങിയ സമയം. മറ്റൊരു കൂട്ടുകാരൻ ആയ രാഹുലിന്റെ വീട് കുറച്ചു മാറി ആണ്. അവിടെ വരെ നടക്കാൻ ഉള്ള ശേഷിയില്ല. മാത്രമല്ല ഒരു ചെറിയ മഴ പെയ്യാൻ ഉള്ള സാധ്യതകൾ കാണുന്നുണ്ട്. അങ്ങനെ കുറച്ചു നേരത്തെ അനിശ്ചിതാവസ്ഥക്ക് ശേഷം വീട്ടിലേക്ക് മടങ്ങാൻ തന്നെ തീരുമാനിച്ചു. അടുത്തു കണ്ട ബസ്സിൽ കയറിയതും ആദ്യം കണ്ടത് ഒറ്റക്കാലൻ കുഞ്ഞാപ്പുവിനെ ആണ്! വികലാംഗർക്കുള്ള സീറ്റിൽ ആണ് ഇരിപ്പ്. ഞാൻ ചുറ്റും നോക്കി. മറ്റെല്ലാ സീറ്റിലും ആളുകൾ ഉണ്ട്. കുഞ്ഞാപ്പുവിന്റെ അടുത്ത് മാത്രം ഒഴിവുണ്ട്. ആളുകൾ എല്ലാം ഞാൻ എന്ത് ചെയ്യും എന്നറിയാൻ, എന്നെ തന്നെ തുറിച്ചു നോക്കുന്നത് പോലെ തോന്നി. ഇരിക്കാതെ മാറി നിന്നാൽ ചിലപ്പോ നല്ല പുളിച്ച തെറി പറയും. അതെന്തിനാ എന്നൊന്നും ചോദിച്ചാൽ ഉത്തരമില്ല, അതങ്ങനെ ആണ്. ഏതായാലും രണ്ടും കല്പിച്ചു അടുത്ത് ചെന്ന് ഇരുന്നു.

പണ്ട് അമ്മ പറഞ്ഞു തന്ന ഒരു ശീലം ഉണ്ട്, സന്ധ്യക്ക് തെക്കോട്ട് തിരിഞ്ഞ് ഇരിക്കരുത് എന്ന്! അന്ന് തൊട്ട്, ആ സമയത്തു ബസ്സിൽ കയറുമ്പോൾ ഉള്ള പ്രധാന സംശയം ആണ് എങ്ങോട്ട് തിരിഞ്ഞു ഇരിക്കും എന്നത്. ഏതാണ് തെക്കും, വടക്കും? അമ്മ പറഞ്ഞത് അനുസരിക്കാതെയും വയ്യ. അങ്ങനെ ഞാൻ തന്നെ എങ്ങോട്ടും അല്ലാതെ ഒരു ഇരുപ്പ് ബസ്സിൽ കണ്ടെത്തി. ഒരു കാൽ പുറത്തേക്കും, ഒരു കാൽ അകത്തേക്കും ഇട്ട്! നമ്മൾ ഏത് ദിശയിൽ ഇരിക്കണം എന്ന് ആഗ്രഹിക്കുന്നുവോ, ആ ദിശയിൽ ആണെന്ന് നമുക്ക് തന്നെ തോന്നും. അന്ന്, സമയം നട്ടുച്ച ആയിട്ടും ഞാൻ ഏതാണ്ട് അങ്ങനെ ആണ് അദ്ദേഹത്തിന്റെ അടുത്ത് ഇരുന്നത്!

എന്തിനെന്ന് അറിയില്ല, അദ്ദേഹം പുറത്തേക്ക് കാർക്കിച്ചു ഒന്നു നീട്ടി തുപ്പി.

“നീ ഏതാടാ?”

ഞാൻ എന്നെ പരിചയപ്പെടുത്തി. അപ്പോഴേക്കും കണ്ടക്ടർ വന്നു. എനിക്ക് പരിചയം ഉള്ള ആൾ ആണ്. ചെറുപ്പക്കാരൻ ആണ്. ചോദിക്കാതെ തന്നെ അവൻ എനിക്ക് ഒരു വരിക്കാംകുന്ന് ടിക്കറ്റ് എഴുതി തന്നു. അടുത്തത് അയാളോട് ടിക്കറ്റ് ചോദിക്കുന്ന ആ രംഗത്തിനായി ഞാൻ കാത്തിരുന്നു.

കണ്ടക്ടർ ടിക്കറ്റ് ചോദിച്ചു. കുഞ്ഞാപ്പു അത് കണ്ടില്ല എന്ന മട്ടിൽ പുറത്തേക്ക് നോക്കി ഇരിക്കുക ആണ്. കണ്ടക്ടർ അയാളെ തോണ്ടി വിളിച്ചു. അയാൾ ഒഴുക്കൻ മട്ടിൽ, “ടിക്കറ്റ് വേണ്ട” എന്നു കൈ കൊണ്ട് കാണിച്ചു പുറത്തേക്ക് നോക്കി ഇരുപ്പ് തുടർന്നു. കണ്ടക്ടർ വിടുന്ന മട്ടില്ല. അന്ന് മിനിമം ശരിക്കും 6 രൂപ ആണ്. കണ്ടക്ടർ ഒരു അഞ്ചു രൂപ ടിക്കറ്റ് എഴുതി ബലമായി കൈയ്യിൽ വെച്ചു കൊടുത്തു. ഒറ്റക്കാലന് അത് അത്ര ഇഷ്ടപ്പെട്ടില്ല. കുറച്ചു നേരം അയാൾ ടിക്കറ്റിലേക്കും, അത് തന്നവന്റെ മുഖത്തേക്കും മാറി മാറി നോക്കി. ഈ സമയത്തൊന്നും അവൻ അയാളെ കണ്ട ഭാവം നടിക്കാതെ അടുത്ത ആളിലേക്ക് നീങ്ങി. അവൻ തിരഞ്ഞു നോക്കുമ്പോൾ മറുപടി പറയാൻ കാത്തിരുന്ന ഒറ്റക്കാലന്റെ ക്ഷമകെട്ടു. അവന്റെ പാന്റിന്റെ പോക്കറ്റിലേക്ക് ടിക്കറ്റ് തിരുകി കൊണ്ടയാൾ പറഞ്ഞു,

“എനിക്കൊന്നും വേണ്ട നിന്റെ ടിക്കറ്റ്” സ്വന്തം വീട്ടിൽ കഴിക്കാൻ ഇരിക്കുമ്പോൾ, ഇഷ്ടപ്പെടാത്ത ഭക്ഷണം വേണ്ട എന്നു പറയുന്ന ഒരു കുട്ടിയുടെ ഛായ ഉണ്ടോ എന്നെനിക്ക് സംശയം തോന്നി. എനിക്ക് രസം പിടിച്ചു!

കണ്ടക്ടറും വിടുന്ന മട്ടില്ല; “ചേട്ടൻ തന്നെ വെച്ചോ, എനിക്ക് കാശിങ്ങു തന്നാൽ മതി.” എന്നും പറഞ്ഞു ആ ടിക്കറ്റ് അയാളുടെ കൈയിലേക്ക് തന്നെ തിരികെ വെച്ചു കൊടുത്തു. ആരും ആരും മേടിക്കാൻ കൂട്ടാക്കുന്നില്ല എന്നു കണ്ടിട്ട് ആകണം, ആ ടിക്കറ്റ് സ്വയം ഒരു തീരുമാനം എടുത്തു, സ്വാതന്ത്ര്യം പ്രഖ്യാപിച്ചു പറന്ന് പോയി!

“നീ എന്തിനാ എനിക്ക് ടിക്കറ്റ് എഴുതിയ്യേ? എനിക്ക് ഫ്രീ പാസ്സ് ഉള്ളതാ. “

“ചേട്ടന് ഫ്രീ പാസ്സ് ഉണ്ടേൽ അത് കാണിക്ക്. പാസ്സ് കാണിക്കാതെ കൊടുക്കാൻ എന്നോട് ആരും പറഞ്ഞിട്ട് ഇല്ല. കാശു തരാൻ മേലെ അത് പറ.”

“നീ പോടാ. ഞാൻ R T O ക്ക് ഒരു പരാതി കൊടുത്താൽ നീ തൂങ്ങും.”

“ആ, ചേട്ടന് ഞാൻ ടിക്കെറ്റ് എഴുതി എന്നും പറഞ്ഞു കൊണ്ട് കൊടുക്ക്, കാണട്ടെ”

ഒറ്റക്കാലന് ഉത്തരം മുട്ടി. അയാൾ എന്തോ പിറുപിറുത്തു കൊണ്ട് പോക്കറ്റിൽ തപ്പി, എന്നിട്ട് വെറും കൈയോടെ വീണ്ടും പറഞ്ഞു,

“ആ നീ ഒന്ന് പോയേച്ചും വാ. എന്നിട്ട് തരാം.”

“ചേട്ടന് കള്ള് കുടിക്കാൻ കാശു ഉണ്ടല്ലോ ? “

“അതെന്റെ സ്വന്തം കാര്യം.”

“ഇതും അങ്ങനെ കണ്ടാ മതിന്നെ. എനിക്ക് വൈകിട്ട് മുതലാളിക്ക് കണക്ക് കൊടുക്കാൻ ഉള്ളതാ.”

“ഇന്നാ.. നീ കൊണ്ട് ഒണ്ടാക്ക്.” സഹികെട്ട് അയാൾ അഞ്ചു രൂപ എടുത്തു കൊടുത്തു. അതിന്റെ വിഷമത്തിൽ ആകണം വഴി നീളെ അയാൾ എന്തൊക്കെയോ പിറുപിറുത്തു കൊണ്ടേ ഇരുന്നു. ഇടക്ക്, വഴിയിൽ ടാറിങ് നടക്കുന്നത് കാരണം വണ്ടി ഒരല്പം ബ്ലോക്ക് ആയി. വഴി വക്കിൽ ഒന്ന് രണ്ടു ഹിന്ദിക്കാര് ഓറഞ്ച് വിൽക്കാൻ നിൽപ്പുണ്ടായിരുന്നു.

“ടാ കൊച്ചനെ, ഓറഞ്ച് ഒരെണ്ണം താടാ. സാമ്പിൾ നോക്കാനാ.”

അവർക്ക് ഭാഷ മനസ്സിലാകാതെ ഇരുന്നിട്ട് ആണോ എന്തോ, ഏതായാലും അവർ തിരഞ്ഞു പോലും നോക്കാതെ മുന്നോട്ട് നീങ്ങി. ഒറ്റക്കാലന്റെ അന്നത്തെ കണി അത്ര നല്ലത് അല്ലെന്ന് എനിക്ക് തോന്നി.

“പുതിയ പിള്ളേരാ. പഴേതുങ്ങൾ ആണേൽ തന്നെനെ.” ആരോടെന്നില്ലാതെ അയാൾ പറഞ്ഞു.

അപ്പോഴാണ് ഒരു പരിചയക്കാരൻ നിൽക്കുന്നത് അയാൾ കണ്ടത്.

“നീ നോക്കിക്കോടാ. നാലഞ്ചു കൊല്ലം കഴിയുമ്പോൾ മലയാളികളെക്കാൾ കൂടുതൽ ഇവന്മാർ ആയിരിക്കും. അതെങ്ങനാ പണി എടുക്കണം എന്നൊരു വിചാരം മലയാളിക്കില്ലലോ.”

കേട്ട് നിന്ന ആൾക്ക് അത് അത്ര പിടിച്ച മട്ടില്ല,

“ഞാൻ പണി എടുത്തു തന്നാ ജീവിക്കണെ. അല്ലാതെ, തന്നെ പോലെ എരന്നിട്ട് അല്ല.”

ഒറ്റക്കാലന്റെ കണി തീരെ മോശം. എനിക്ക് അയാളോട് എന്തോ ഒരു സഹതാപം തോന്നി! എന്തോ ആ സമയം അയാൾ എന്റെ മുഖത്തേക്ക് നോക്കി, ഞങ്ങൾ ഇരുവരും പരസ്പരം ഒന്നു പുഞ്ചിരിച്ചു.

“നീ ഏതാന്നാടാ പറഞ്ഞത്?”

ഞാൻ എന്നെ വീണ്ടും പരിചയപ്പെടുത്തി. അയാൾ കൂടുതൽ ചോദിച്ചറിഞ്ഞു. അങ്ങും ഇങ്ങും തൊടാതെ പറയുന്ന ഉത്തരങ്ങളിൽ നിന്നും; എങ്ങും എങ്ങും എത്താതെ, ഉത്തരം മുട്ടി നിൽക്കുന്ന എന്റെ ജീവിതത്തെ കുറിച്ചു അയാൾ ഊഹിച്ചു കാണണം. അയാൾക്ക് രസം പിടിച്ചിരിക്കുന്നു എന്നെനിക്ക് മനസ്സിലായി.

“നീ പത്രം വായിക്കാറുണ്ടോ?”

സ്‌പോർട്‌സ് പേജ് വായിക്കും എന്നതാണ് അതിനുള്ള കൃത്യമായ മറുപടി. പക്ഷെ, അങ്ങനെ പറഞ്ഞാൽ ചിലപ്പോൾ കാര്യങ്ങൾ കൈ വിട്ടു പോകും എന്നെനിക്ക് തോന്നി. ഞാൻ “ഉണ്ടെന്നും, ഇല്ലെന്നും” അർഥം വരുന്ന രീതിയിൽ ഒന്നു തലയാട്ടുക മാത്രം ചെയ്തു. ഒരു പക്ഷെ, പണ്ടത്തെ കൂട്ടു കുടുംബങ്ങളിൽ വളർന്നവർക്ക് അതെങ്ങനെ എന്നു അറിവുണ്ടാകില്ല; അത് ഞങ്ങൾ അണുകുടുംബങ്ങളിൽ വളർന്ന കുട്ടികളുടെ മാത്രം കണ്ടുപിടുത്തമാണ്!

“നീ ഹോണ്ട എന്ന് കേട്ടിട്ട് ഉണ്ടോ? ഹോണ്ട കമ്പനി സ്ഥാപിച്ച ഹോണ്ട.”

ഞാൻ ഉണ്ടെന്ന് തലയാട്ടി.

“പുള്ളീ, ചെറുപ്പത്തിൽ പഠിക്കാൻ തീരെ മോശം ആയിരുന്നു. ഒരിക്കൽ വീട്ടുകാരുടെ തെറി കേൾക്കാതെ ഇരിക്കാൻ ഒരു കുരുത്തക്കെട് കാണിച്ചു. പ്രോഗ്രസ് റിപ്പോർട്ട് സ്വയം ഒപ്പിടാൻ ഒരു വഴി കണ്ടെത്തി. അവിടൊക്കെ ഇത്തരം ആവശ്യത്തിന് വീടിനു സ്വന്തമായി സീൽ ഉണ്ട്. അവൻ അവന്റെ വീട്ടിലെ പോലെ ഒരെണ്ണം സ്വന്തമായി അങ്ങു ഉണ്ടാക്കി. ഈ സീലെന്നു പറഞ്ഞാൽ നിനക്ക് അറിയുവോ? സീലിലെ ലെറ്റർ, നമ്മൾ കണ്ണാടി നോക്കണ പോലെയാ, മിറർ ഇമേജ് എന്നു പറയും, അതറിയാമോ? അത് പക്ഷെ, ആ നേരത്തു അവനു അറിയത്തില്ലായിരുന്നു. നിനക്ക് ഞാൻ പറയണത് വല്ലോം മനസ്സിലാകണുണ്ടോ?”

അത്രയും നേരം അവിടെ ബഹളം ഉണ്ടാക്കികൊണ്ടിരുന്ന ആൾ അല്ല എന്റെ അടുത്ത് ഇരിക്കുന്നത് എന്നു തോന്നി. ഞാൻ ഉണ്ടന്ന് തലയാട്ടി.

“പക്ഷേ, ആരും അവനെ പിടിച്ചില്ല. കാരണം എന്നതാ എന്നറിയാമോ? അവന്റെ വീട്ടിലെ സീലിലെ അക്ഷരങ്ങൾ തിരിച്ചും, മറിച്ചും ഇട്ടാലും ഒരു പോലെ ഉള്ളത് ആയിരുന്നു. എന്നാൽ അവൻ പിന്നീട് കൂട്ടുകാർക്ക് സീൽ ഉണ്ടാക്കി കൊടുത്തതോടെ പണി കിട്ടി. അന്ന്, അവനെ അവന്റെ തന്ത തല്ലിയത് എന്നാത്തിനാ എന്നറിയാമോ? കള്ളത്തരം കാണിച്ചതിന് മാത്രം അല്ല, പകരം ഇക്കണ്ട സീൽ ഒക്കെ ഉണ്ടാക്കീട്ടും, അതിന്റെ ടെക്‌നിക്ക് മനസ്സിലാക്കാൻ നോക്കാത്തതിന്!”

ഈ സമയം വണ്ടി വടകര വിട്ട് വരിക്കാംകുന്നിലെ ഷാപ്പിന്റെ മുന്നിലെ വളവിൽ എത്താറായിരുന്നു. അയാൾ ഉറക്കെ വിളിച്ചു പറഞ്ഞു,

“വണ്ടി നിർത്തെടാ. എനിക്കിവിടെ ഇറങ്ങണം. ആരുടേം ഓശാരത്തിന് അല്ല. കാശ് എണ്ണി കൊടുത്തിട്ട് തന്നാ” ഇതും പറഞ്ഞു, നേരത്തെ കണ്ട ആളെ ഒന്ന് തുറിച്ചു നോക്കി. അയാൾ മറുപടി ഒന്നും പറയാതെ, തല വെട്ടിച്ചു കളഞ്ഞു.

“ചേട്ടന്റെ ശരിക്കും പേരെന്താ?” ഞാൻ അത്രയും നേരത്തെ പരിചയം കൊണ്ട് ഉണ്ടായ ധൈര്യത്തിൽ ചോദിച്ചു.

“കാറൽ മാക്‌സ്. എന്തേ… എണീറ്റ് മാറെടാ ചെക്കാ …” അതിന്റെ കൂടെ പറഞ്ഞത്, വിട്ട് പോയ പദം പൂരിപ്പിക്കുക എന്ന വിഭാഗത്തിൽ ചേർക്കുകയെ നിവൃത്തിയുള്ളൂ!

സത്യത്തിൽ ഷാപ്പിന്റെ മുന്നിലൂടെ തന്നെ ആണ് എനിക്കും പോകേണ്ടത്. പക്ഷെ, എന്തോ അവിടെ ഇറങ്ങാൻ ഒരു നാണക്കേട് തോന്നി. ഒരു നൂറ് മീറ്റർ അപ്പുറത്തെ ബസ് സ്റ്റോപ്പിൽ പോയി ഇറങ്ങി, തിരികെ അതിന് മുന്നിലൂടെ നടന്നു പോകുമ്പോൾ, ആകാശം ഇരുണ്ട് കൂടിയിരുന്നു. അതിശക്തമായ കാറ്റ് വീശുന്നുണ്ടായിരുന്നു. ഒരു കനത്ത മഴ വരാൻ പോകുന്നതിന്റെ എല്ലാ ലക്ഷണങ്ങളും കാണാൻ ഉണ്ടായിരുന്നു. അകത്ത് നിന്ന് അയാൾ ഉറക്കെ പറയുന്നത് മാത്രം ഞാൻ കേട്ടു;

“ഇന്നാടാ കണ്ടോ, ഇന്നാ. നിന്നെ ഒക്കെ ഒണ്ടാക്കിയ പ്രപഞ്ചം.”

Share the Post:
Article from Jithin Sreedhar