പ്രോബബിൾ ഫ്രോഡ്

Share the Post:

“ചേട്ടാ ഈ സദാശിവൻ, മധുരവേലിൽ വീട്… അറിയുവോ? “

കടയിലെ ചേട്ടൻ മുകളിലേക്ക് പിടിച്ച പാത്രത്തിൽ നിന്നും താഴേക്ക് വീഴുന്ന ചായ പോലും ആ ചോദ്യം കേട്ട് ഒരു നിമിഷം ഒന്ന് നിന്ന്, ചോദ്യകർത്താവ് ആയ ജെ ക്കെയേ ഒന്ന് നോക്കി അത്രേ! ശേഷം, ഗ്ലാസ്സിലേക്ക് വീണ്, പതിവുപോലെ ചൂടോടെ ഒന്ന് തുളുമ്പി!

“ഡാ ഇവിടെ ഏതാ ഈ സദാശിവൻ, മധുരവേലിൽ?”

പുറത്ത് ബൈക്കിൽ ഇരുന്ന രണ്ട് പേർക്ക്, ചോദ്യം തങ്ങളോട് ആണ് എന്ന് മനസ്സില്ലാക്കാൻ സംശയം ഉണ്ടായില്ല. തങ്ങളിൽ ആരോട് എന്നത് അവർക്ക് ഒരു പ്രശ്‌നവും അല്ലായിരുന്നു.

” ഫോട്ടോ ഉണ്ടോ?”

അക്കൗണ്ടിൽ ഴ യും ഖ യും ഒക്കെ ചേർന്ന കുഴപ്പം പിടിച്ച ഒരു ഒപ്പ് മാത്രേ ഉള്ളൂ എന്ന് അവരോട് പറഞ്ഞില്ല, പകരം, ഫോട്ടോ ഇല്ല എന്ന് മാത്രം പറഞ്ഞു.

“അപ്പൻ്റെ പേര് എന്നാ?”

“സാറേ അപ്പൻ്റെ പേര് അറിയാമോ?”

ജെ ക്കെ ഉടനടി ഓഫീസിൽ വിളിച്ച് അപ്പൻ്റെ പേര് ചോദിച്ചു.

“പത്രോസ്” ഫോണിൽ പറഞ്ഞ് കെട്ടതും, അത് അതെ പടി നാട്ടുകാരോട് വിളിച്ച് പറഞതും തമ്മിൽ മില്ലി സെക്കൻ്റിൻ്റെ വത്യാസം മാത്രമേ ഉണ്ടായുള്ളൂ.

സദാശിവൻ്റെ അപ്പൻ്റെ പേര് പത്രോസ്. ശ്ശേ!! ഓഫിസിലേക്ക് വിളിച്ച് ഒന്നുകൂടെ ഉറപ്പിച്ചിട്ട് ഉറക്കെ വിളിച്ച് പറയാമായിരുന്നു. പക്ഷേ, ഇനി പറഞ്ഞിട്ട് എന്ത് കാര്യം.

എല്ലാവരും ഒരു അത്ഭുത ജീവിയെ പോലെ ജെ ക്കെ യെ നോക്കുന്നതിന് ഇടയിൽ, ബൈക്കിലിരുന്ന ചേട്ടൻ ആണ് അത് പറഞ്ഞത്;

“മരുവേലിലെ പത്രോസ് ചേട്ടൻ ആണോ ഇനി?”

പഴയ രജിസ്റ്ററുകളിൽ നിന്ന് കമ്പ്യൂട്ടറിലേക്ക് കയറിയ പേരുകൾ ആണ്, മരുവേലിൽ, മധുരവേലിൽ ആയില്ലെങ്കിലെ അതിശയമുള്ളൂ. പക്ഷേ, അപ്പോഴും സദാശിവൻ പിടികിട്ടാപ്പുള്ളി ആയി തുടരുന്നു. അത് ആരാണ്?

“ഡാ നമ്മടെ കൊച്ചെട്ടൻ ഇല്ലേ, അങ്ങേരുടെ ശരിക്കും പേര് സദാശിവൻ എന്നാ. ഈ മരുവേലിക്കാരുടെ പറമ്പിൽ ആണ് വീട് വെച്ചേക്കണത്. “

“ഹാ.. അങ്ങേരുടെ അപ്പൻ എങ്ങനാടാ പത്രോസ് ചേട്ടൻ ആകുന്നത്”

“അതിപ്പോ ആർക്ക് അറിയാം.” ഒരുവൻ ഇത് പറഞ്ഞതും അവിടാകെ ഒരു അടക്കി പിടിച്ച ചിരി പടർന്നു.

“ആയ കാലത്ത് ഈ പത്രോസ് ചേട്ടൻ.. “എന്ന് തുടങ്ങുന്ന പത്രോസ് ചേട്ടൻ്റെ ‘ വീര ‘ കഥകളുടെ ഇടയിൽ കൂടി ജെ ക്കെ അവിടെ നിന്നും ഇറങ്ങി. കൂട്ടചിരിക്ക് ഇടയ്ക്ക് എപ്പോഴോ ആരോ തെളിച്ച വഴിയിലൂടെ സദാശിവൻ ചേട്ടൻ്റെ വീട്ടിലും എത്തി.

ഒന്നര വർഷം മുമ്പ് ഉള്ള ഒരു 5000 രൂപയുടെ ഇടപാട് ആണ് ഓഡിറ്റർക്ക് സംശയം ഉള്ളത്. ലാസ്റ്റ് ഡേ ക്ലോസ് ചെയ്യും വരെ പൈസ പിൻവലിച്ച ഫോറം അദ്ദേഹത്തെ കാണിക്കാൻ കഴിഞ്ഞില്ല. പെൻസിൽ കൊണ്ട് പ്രൊബബിൾ ഫോർഡ് എന്ന് എഴുതി വെച്ചിട്ട് ഉണ്ട്. ഇനി ഇപ്പൊ ഫോറം മാത്രം പോര, സദാശിവൻ ചേട്ടൻ്റെ ഫോട്ടോയും ഐഡിയും എല്ലാം വേണ്ടി വരും അങ്ങേരെ കാണിക്കാൻ. അതായത്, ആ പൈസ എടുത്തത് സദാശിവൻ ചേട്ടൻ തന്നെ ആണ് എന്ന് ഉറപ്പ് വരുത്തണം. അല്ലെങ്കിൽ, പോകും മുമ്പ് പെൻസിൽ കൊണ്ട് എഴുതിയത് ചുവന്ന പേന കൊണ്ട് മാറ്റി എഴുതും. മാറ്റുന്നത് അതിലെ പ്രോബബിൾ എന്നത് ആകും എന്ന് മാത്രം!

പാസ്ബുക്ക് ഒക്കെ കളഞ്ഞ് പോയി, ഉപയോഗിച്ചിട്ട് നാളുകൾ ആയ അക്കൗണ്ട് ആണ് എങ്കിലും, ജെ ക്കെയുടെ സങ്കടം കേട്ട അവർ അതിന് ആവശ്യമായ രേഖകൾ ഒക്കെ തരാൻ അവർ തയ്യാർ ആണ് എന്ന് അറിയിച്ചു. അങ്ങനെ എല്ലാം ശരിയായി എന്ന ഘട്ടത്തിൽ ആണ് അടുത്ത പ്രശ്നം തല പൊക്കുന്നത്. സദാശിവൻ ചേട്ടൻ്റെ ഒപ്പ് ഒരു ശൂ മാത്രമാണ്!

“ചേട്ടാ ഒപ്പ് ഇങ്ങനെ അല്ല. ഒരു ഖ ഒക്കെ ഉള്ളത് “

“ഏയ്. ഞാൻ ഇങ്ങനെ ആണ് പണ്ട് തൊട്ട് ഇടാറ്”

സദാശിവൻ ചേട്ടൻ അക്കാര്യത്തിൽ മാത്രം കൈ മലർത്തി.

ജെ ക്കെ വീണ്ടും ഓഫീസിൽ വിളിച്ച് ഒപ്പിൻ്റെ ഒരു ഫോട്ടോയും കൂടെ നോമിനിയുടെ പേരും മേടിച്ചു. ലക്ഷ്മി!

പഴയ അക്കൗണ്ട് ആയത് കൊണ്ട് ആധാർ ,മൊബൈൽ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ആൾ ഇത് തന്നെ ആണ് എന്ന് ഉറപ്പിക്കാൻ ആ സമയം തോന്നിയ ബുദ്ധിയാണ് നോമിനിയുടെ പേര്!

“ചേട്ടാ ഈ ലക്ഷ്മി?”

“ആ വിളിക്കാല്ലോ, ലക്ഷ്മിയേടത്തിയേ..” എന്നും പറഞ്ഞ് സദാശിവൻ ചേട്ടൻ്റെ ഭാര്യ അടുക്കള പുറത്തേക്ക് പോയി. കുറച്ച് കഴിഞ്ഞ് ദേ വന്ന് മുൻപിൽ നിൽക്കുന്നു ലക്ഷ്മി! ചേട്ടൻ്റെ ഭാര്യ ആണ്.

അച്ഛൻ്റെ പേര് പത്രോസ്, ചേടത്തിയമ്മ നോമിനി; ആകെ ഒരു പന്തികേട്! കൂടുതൽ ഒന്നും മിണ്ടാതെ ഓഡിറ്ററെ സമാധാനിപ്പിക്കാൻ ഉള്ളതും ആയി അവിടെ നിന്നും പോരുന്നത് ആണ് ബുദ്ധി എന്ന് തോന്നിയെങ്കിലും, എന്തോ ഒരു ഉൾപ്രേരണയില് ജെ ക്കെ ചോദിച്ചു,

“നിങ്ങളുടെ കുടുംബത്തിൽ വേറെ ആരെങ്കിലും ഉണ്ടോ ഈ സദാശിവൻ?”

“കുടുംബത്തിൽ ആരും ഇല്ല. പക്ഷെ, സാറേ പണ്ട് ബാങ്കിന്നു ഒന്ന് രണ്ട് കത്ത് പോസ്റ്റ് മാൻ ഇവിടെ കൊണ്ട് തന്നിരുന്നു . അത് എനിക്ക് ഉള്ളത് അല്ല എന്ന് തോന്നി, ആ സംശയം പറയുകയും ചെയ്തു. പിന്നീട് ഒന്നും കൊണ്ട് വന്നിട്ടില്ല.”

അവർ തന്ന പോസ്റ്റ്മാൻ ചേട്ടൻ്റെ നമ്പരിൽ വിളിച്ചപ്പോൾ ആണ് കാര്യങ്ങളുടെ കിടപ്പ് പിടികിട്ടുന്നത്. പക്ഷേ, ഇപ്പൊ കിഴക്കോട്ട് ആണ് നടന്നത് എങ്കിൽ, ഇനി പടിഞ്ഞാട്ട് നടക്കണം, ഒരു പത്ത് കിലോമീറ്റർ! ചെന്നു, കണ്ടൂ.

“സദാശിവം. ആ ഇത് എന്നുടെ ഒപ്പ് താൻ സർ. എന്നുടെ പേർ തമിളിൽ ഇപ്പടി താൻ എഴുതറേ”

അപ്പോ അതാണീ ഴയും ഖയും ഒക്കെ. അങ്ങനെ വരട്ടേ.

“ചേട്ടൻ്റെ അച്ഛൻ്റെ പേര് പത്രോസ് എന്നാണോ?”

“യ്യോ അല്ല സർ. അവർ ഒരു പെരിയ മനുഷ്യർ. അക്കൗണ്ട് എടുക്കർതിക്ക് കൂടെ വന്ത ഇൺട്രോഡ്യൂസർ. അങ്കെ യാരോ എൻ അപ്പാ പേര് കേട്ടെ. നാൻ ഓർഫനേജ് താൻ. അപ്പോ അവർ താൻ സൊന്നെ, പത്രോസ് എന്ന് എഴുത് സാറേ എന്ന്! “

ഈ സമയം അകത്ത് നിന്ന് ഒരു മെലിഞ്ഞ സ്ത്രീ ഒരു ചൂട് കാപ്പിയും ആയി ഇറങ്ങി വന്നു.

“സർ എന്നെ ഞായ്പകം ഇല്ലായാ. ലക്ഷ്മി.”

സദാശിവനും, പത്രോസും, ലക്ഷ്മിയും ഒക്കെ ചേരും പടി ചേരും പോലെ ചേരുന്നത് ഒരു സുഖമുള്ള കാഴ്ച ആയിരുന്നു. തുടർന്ന്, അവരുടെ തമിഴ്നാട്ടിലെ പ്രണയവും, ഇങ്ങോട്ടേക്കു ഉള്ള ഒളിച്ചോട്ടവും, നാട് മധുര ആയത് കൊണ്ട് വാടക വീടിന് മധുരവേലിൽ എന്ന് പേരിട്ടതും ഒക്കെ പറഞ്ഞു. കൂടെ, കുഞ്ഞിന് അസുഖം വന്നപ്പോൾ ആങ്ങളയോട് 2000 കടം ചോദിച്ചതും, അത് വരെ മിണ്ടിയിട്ട് ഇല്ലാത്ത ആങ്ങള രണ്ടായിരത്തിന് പകരം 5000 രൂപ നാട്ടിൽ നിന്ന് അയച്ച് കൊടുത്തതും പറഞ്ഞു.

സദാശിവം പൈസ എടുക്കാൻ വന്നപ്പോൾ ആങ്ങള നാട്ടിൽ നിന്ന് അയച്ച ക്യാഷ് അക്കൗണ്ടിൽ എത്തിയിട്ട് ഇല്ലായിരുന്നു. ഫോറം ഒപ്പിട്ട്, പൈസ മേടിക്കാൻ ഭാര്യയെ വിടാം എന്ന് പറഞ്ഞ്, അയാള് കുഞ്ഞും ആയി ഹോസ്പിറ്റൽ പോയി. പിന്നീട്, ലക്ഷ്മി വന്നപ്പോൾ ആണ് 2000 അല്ല 5000 ആണ് വന്നത് എന്ന് അറിഞ്ഞത്. ഹോപ്‌സിറ്റൽ കേസ് ആയത് കൊണ്ട് സർ തന്നെയാണ് ഇവരെ കൊണ്ട് ഒപ്പിടിക്കാൻ ഒരു ഫോറവും, 5000 രൂപയും തന്ന് വിട്ടത് എന്ന് അവർ പറഞ്ഞപ്പോൾ ജെ ക്കെക്ക് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു. ഹോസ്പിറ്റൽ തിരക്കും മറ്റുമായി അവർ അത് വിട്ട് പോയി. പിന്നെ ഓർത്തപ്പോൾ കൊണ്ട് കൊടുക്കാൻ പേടിയും ആയി. ഭദ്രമായി അവരുടെ പാസ്ബുക്കിൻ്റെ ഇടയിൽ ഇരുന്നിരുന്ന 5000 ൻ്റെ വൗചർ അവർ എടുത്ത് കൊടുക്കുമ്പോൾ ജെ ക്കെ കരച്ചിലിൻ്റെ വക്കിൽ എത്തിയിരുന്നു. പക്ഷേ, അപ്പോഴേക്കും ഫോൺ അടിച്ചു. മാനേജർ ആണ്.

“ഡാ എന്തായി, അങ്ങേർ ദേ ഫ്രോഡ് മാർക്ക് ചെയ്യും ഇന്ന് പറഞ്ഞ് ഇവിടെ കിടന്ന് ബഹളം വെക്കുന്നു. “

“ദേ കിട്ടി ദിസാറേ. വരുവാ..” എന്ന് മാത്രം പറഞ്ഞ് ജെ ക്കെ ആ ഫോൺ കട്ട് ചെയ്തു.

Share the Post:
Article from Jithin Sreedhar