ലൈഫ് ബോയ് സോപ്പിന്റെ മണവും ഉച്ചത്തിലുള്ള റേഡിയോ പാട്ടുകളും… ഇതാണ് അച്ചാച്ചനെ കുറിച്ചുള്ള ഓർമകളിൽ ആദ്യം ഓടിയെത്തുന്നവ… വെക്കേഷന് അമ്മാത്തേക്കുള്ള ട്രെയിൻ യാത്രയിൽ മുഴുവൻ മനസ്സ് മുൻപേ കുത്തിക്കുന്നുണ്ടാവും എത്രയും വേഗം ഒന്നവിടെ ചെന്നെത്താൻ. പുലിയൂർ അമ്പലത്തിന്റെ മുന്നിൽ ബസ് ഇറങ്ങി നടക്കുമ്പോൾ മധുരസ്നേഹത്തിന്റെ അവകാശവുമായി പഞ്ചാരയപ്പൂപ്പന്റെ പുഞ്ചിരിയും ഒരു പിടി പഞ്ചസാരയും കൈയ്യിലുണ്ടാവും. പഞ്ചസാരയുടെ മധുരം അത്ര ഇഷ്ടമൊന്നുമല്ലെങ്കിലും ഇഷ്ടത്തോടെ തരുന്നവരുടെ സ്നേഹം നിഷേധിക്കാതിരിക്കാനുള്ള ആദ്യപാഠം ഞാൻ അവിടുന്ന് പഠിച്ചു… ഇന്ന് എന്റെ അപ്പുകുട്ടൻ അമ്മയെ വിഷമിപ്പിക്കാതിരിക്കാൻ ഞാനുണ്ടാക്കുന്ന എല്ലാം അടിപൊളിയാണ് എന്ന് പറഞ്ഞു കഴിക്കുമ്പോൾ എനിക്ക് സന്തോഷം തോന്നും… അങ്ങനെ കുറച്ചു നല്ല ജീനുകൾ അവനു പകർന്നുകൊടുക്കാൻ കഴിഞ്ഞല്ലോ എന്നോർത്ത്..
പഞ്ചാര കുറച്ചൊക്കെ വായിൽ കിടന്ന് അലിഞ്ഞു തീരും, അതിലും കൂടുതൽ വഴിവക്കിലും.. അപ്പോളേക്കും അമ്മാത്തെ വരാന്തയിൽ വഴിയിലേക്ക് കണ്ണുംനട്ട് ഇരിക്കുന്ന അച്ചാച്ചനെ കാണാം…
പിന്നീടുള്ള കുറച്ചു ദിവസങ്ങൾ പറമ്പിലും മാഞ്ചുവട്ടിലും കൈയ്യാലകളില്ലാത്ത അയൽവക്കങ്ങളിലും ഓടിതീരുമ്പോളേക്കും അച്ചാച്ചന്റെയും മറ്റേമ്മയുടെയും പറയാതെ പറഞ്ഞുതന്ന പല ജീവിതപാഠങ്ങളും സ്വന്തമാക്കിയിരുന്നു… അതൊക്കെ മനസ്സിലായത് വീണ്ടും വർഷങ്ങൾ ഏറെ കടന്നുപോയിട്ടാണെന്നു മാത്രം.
കഞ്ഞി മുക്കിയ ഷർട്ട് ചുളിവുകളില്ലാതെ അയയിൽ വിരിച്ചു കൈവിരൽ കൊണ്ട് അതിൽ മടക്കുണ്ടാക്കി നല്ല വെയിലത്തിട്ടു ഉണക്കി കിടക്കയ്ക്കടിയിൽ വയ്ക്കുമ്പോൾ ഞാനറിഞ്ഞു, കാശു മുടക്കാതെയും അന്തസ്സ് സ്വന്തമാക്കാമെന്ന്….
മറ്റേമ്മ ശെരിക്കും ഒരു മജിഷ്യൻ ആണെന്ന് തോന്നിയിരുന്നു… നിലവറയിലെ പത്തായത്തിൽ നിന്നും ചക്ക ഉപ്പേരി, ചക്ക വരട്ടിയത്, ഉപ്പുമാങ്ങ അങ്ങനെ എന്തെല്ലാമാണ് പ്രത്യക്ഷപ്പുടുത്തുന്നത്.. ആ നിലവറയ്ക്കുള്ളിൽ ഒരു നോട്ടമെത്തിക്കാൻ എത്ര വിഫല ശ്രമങ്ങൾ നടത്തിയിരുന്നു… മറ്റേമ്മ ഒന്ന് അടുപ്പിക്കണ്ടേ..!
വടക്കുപുറത്തെ പശുതൊഴുതും പശുക്കളും ഓർമയുണ്ടെങ്കിലും പിന്നീട് ഒഴിഞ്ഞുകിടന്നിരുന്ന തൊഴുത്തിലെ മണ്ണിൽ കുഴിയാനകളെ തിരഞ്ഞതാണ് കൂടുതൽ തെളിവാർന്ന ഓർമ. ഐസ്ഫ്രൂട്ടും സെമിയ ഐസും രണ്ടു വക്കേഷനുകൾക്കിപ്പുറം രണ്ടു രൂപയുടെ കോണ് ഐസ്ക്രീം ഇന് വഴിമാറിയതുപോലെ.
ചിറ്റമാരുടെ കൂടെ കുളത്തിൽ കുളിക്കാൻ പോയതും പിന്നീടു മറ്റേമ്മയുടെയും അയല്പക്കത്തെ മറ്റു മുത്തശ്ശിമാരുടെയും കൂടെ അതിരാവിലെ അമ്പലകുളത്തിൽ പോയി കുളിച്ചതും മുറ്റത്തെ അടുപ്പിൽ വലിയ ചെമ്പിൽ നെല്ലുപുഴുങ്ങുന്നതും തെക്കേമുറിയിൽ നെല്ല് കൂട്ടി ഇട്ടിരുന്നതും കുട്ടപ്പന്റെ കാളവണ്ടിയിൽ തെങ്ങുകേറിയ തേങ്ങ കൂട്ടി കൊണ്ടുപോയിരുന്നതും ഒക്കെ കണ്ടു മതിയാവും മുൻപേ നിന്നുപോയ കാഴ്ചകളായിരുന്നു.
അച്ചാച്ചന്റെ കൂടെ കൂടി സന്ധ്യയക്ക് കൊളുത്താനുള്ള മണ്ണെണ്ണവിളക്കുകൾക്ക് തിരിയിടുന്നതും റാന്തൽവിളക്ക് തുടച്ചുവെക്കുന്നതും ഒരിക്കലും മങ്ങാത്ത ഓർമകളാണ്. വൈകിട്ട് കഞ്ഞി കുടിക്കാനുള്ള പ്ലാവില പെറുക്കലും അതിൽ ഈർക്കിലി കുത്തലും ഒരു അവകാശമായിരുന്നു എന്റെ. കഞ്ഞിയും ചമ്മന്തിയും ചുട്ട പപ്പടവും, പിന്നെ ഒരു മെഴുക്കുപുരട്ടി.. അതായിരുന്നു അച്ചാച്ചന്റെ അത്താഴം. ഞാൻ കുത്തിയ പ്ലാവില കൊണ്ട്..
കല്ലിൽ അരച്ച് ഉരുട്ടിയെടുത്ത തേങ്ങച്ചമ്മന്തി, വെളുപ്പിനെ അടുക്കളയിലെ മേശയ്ക്ക് ചുറ്റിനും ഇരുന്നു കുടിക്കുന്ന കട്ടൻകാപ്പി, വാഴയിലയുടെ രുചിയും മണവുമുള്ള ആവിപറക്കുന്ന ഇഡ്ഡലി, വെന്ത വെളിച്ചെണ്ണയുടെ മണത്തെ തോല്പിക്കുന്ന രുചിയുള്ള അതിന്റെ തേങ്ങാക്കൊത്ത്, രാജിയുടെ അമ്മയുടെ ചായക്കടയിലെ മധുരമുള്ള ബോണ്ട, ഇതെല്ലാം അമ്മാത്തെ രുചിയോർമകളാണ്.
സംസാരത്തിനേക്കാൾ ചില നോട്ടങ്ങളും ആംഗ്യങ്ങളും കൊണ്ട് communicate ചെയ്യാനുള്ള ഒരു പ്രത്യേക കഴിവുണ്ടാരുന്നു അച്ചാച്ചന്. തന്നോളാമെത്തിയ മക്കളെ താനെന്നു വിളിക്കുന്ന പ്രകൃതം. ഒരു കാര്യത്തിനും ആരെയും നിർബന്ധിക്കുന്നത് കണ്ടിട്ടില്ല… എന്നാൽ സ്വന്തം കാര്യത്തിൽ പലതിനും നിർബന്ധബുദ്ധി ഉണ്ടുത്താനും. വൃത്തിയും സമയനിഷ്ഠയും കൃത്യമായ ദിനചര്യകളും perfectionism ഉം ഒക്കെ അതിൽപെടും. പുലിയൂർ അമ്പലത്തിലെ കാവടിയാട്ടത്തിന്റെ കടലാസ്സുപൂക്കളിൽ കാണാം അച്ചാച്ചന്റെ കരവിരുത്. ഒലക്കീറുകൊണ്ട് പന്തും തത്തമ്മയും ഒക്കെ എനിക്ക് കളിപ്പാട്ടങ്ങളാക്കിയിരുന്നു.
ഞങ്ങളെത്തിയാൽ കൊച്ചമ്മാവനും വല്യമ്മാവനും മുറ്റത്തെ പുളിങ്കൊമ്പിൽ ഊഞ്ഞാലുകൾ കെട്ടിത്തരും. കമ്പിളിനാരകത്തിൽ നിന്നും ഒന്നുരണ്ടെണ്ണം അമ്മാവന്മാരുടെ പുറകെ നടന്ന് ഇടീക്കും… കൊച്ചമ്മാവന്റെ കൂടെ പറമ്പിലും തെങ്ങിൻതോപ്പിലും ഒക്കെ ചീട്ടുകളി കാണാൻ പോകുന്നതൊക്കെ അന്നത്തെ സാഹസികയാത്രകൾ ആയിരുന്നു.
അമ്മാത്തെ രാത്രികൾ അതിലേറെ ഓർമ്മകൾ ഉണർത്തുന്നവയാണ്. മണ്ണെണ്ണവിളക്കിന്റെ വെട്ടത്തും പിന്നീട് വരാന്തയിലെ നിയോൺ ബൾബിന്റെ വെളിച്ചത്തിലും വായിച്ചുതീർത്ത മാസികകൾ ഏറെ… ഈയാംപാറ്റകളെയും ചീവീടുകളെയും മിന്നാനിന്നികളെയിം കൂട്ടിനിരുത്തി ആയിരുന്നു ആ വായനകളൊക്കെയും.
വെക്കേഷൻ കഴിഞ്ഞു തിരികെപ്പോരുമ്പോൾ ഒരു കടലാസ്സുപൊതിയിൽ അച്ചാച്ചന്റെയും മറ്റേമ്മയുടെയും സ്നേഹം ചക്കവറുത്തതായും പതിയൻ ശർക്കരയായും കൂടെ കൂടിയിട്ടുണ്ടാവും…. ആ പൊതിക്കുമുണ്ട് അച്ചാച്ചനെന്ന perfectionist ന്റെ perfect പാക്കിങ്…
തിരിച്ചുള്ള ട്രെയിൻ യാത്രയിൽ ഞാൻ ആ മണങ്ങളൊക്കെ തിരിച്ചുപിടിക്കാൻ ശ്രമിക്കുകയാവും… ലൈഫ് ബോയ് സോപ്പ്പിന്റെ, മണ്ണെണ്ണവിളക്കിന്റെ, കഞ്ഞിമുക്കിയ വെയിലത്തിട്ടുണക്കിയ തുണികളുടെ, ചൂട് കഞ്ഞിയും ചുട്ട പപ്പടത്തിന്റെയും, അങ്ങിനെയങ്ങിനെ….
