ഫെമിനിച്ചി ഫാത്തിമ

Share the Post:

ഫെമിനിച്ചി ഫാത്തിമ വളരെ ഓർഗാനിക്ക് ആണ്. ചിത്രത്തിൽ പലതും subtle ആണ്, ഒപ്പം നാച്ചുറലും ആണ്. ഫോഴ്സ്ഡ് അല്ല, എന്നാൽ ബോധപൂർവ്വം ആണ്. പല വിമർശനങ്ങളും ലൗഡ് അല്ല, പക്ഷെ കുറിക്ക് കൊള്ളുന്നത് ആണ്, valid ഉം ആണ്.
ദി ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചണിൽ ‘forced to’ ആയി ചെയ്ത പലതും ഇങ്ങനെ മുഴച്ചുനിൽക്കുന്നതായി ആണ് എനിക്ക് തോന്നാറുള്ളത്. അതുകൊണ്ട് തന്നെ ഫാത്തിമയുടെ ജീവിതം കുറേകൂടി മനസ്സിനെ തൃപ്തിപ്പെടുത്തി. ഫാത്തിമയിലേക്ക് വരുമ്പോൾ കാര്യങ്ങൾ വളരെ സിമ്പിൾ ആണ്. പുറത്തോട്ട് ഇറങ്ങുമ്പോൾ ശിരോവസ്ത്രം ധരിച്ചുമാത്രം ഇറങ്ങിയിരുന്ന അവൾ ഒടുവിൽ ഒരു ‘ഫെമിനിച്ചി’ ആയി മാറുന്നത് വളരെ gradual ആയി തന്നെയാണ് ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ഒരു ചിത്രം ഹിന്ദു സമൂഹത്തിലെ കൊള്ളരുതായ്മക്കളെ പരിഹസിച്ചപ്പോൾ മറ്റേ ചിത്രം മുസ്ലിം സമുദായത്തിനെ വിമർശന വിധേയമാക്കി എന്നതൊഴിച്ചാൽ, പ്രാഥമികമായും ഒരു കാലഘട്ടത്തിൽ കേരള സമൂഹത്തിലെ എല്ലാ വീടുകളിലും കണ്ടിരുന്ന കാര്യങ്ങളെ നല്ല വൃത്തിയായി പരിഹസിക്കുക എന്നത് തന്നെയാണ് ചെയ്തിട്ടുള്ളത്. രണ്ടും രണ്ട് മതസമൂഹത്തിന്റെ പശ്ചാത്തലത്തിൽനിന്നുകൊണ്ടാണ് സംസാരിക്കുന്നതെങ്കിലും രണ്ടു മതത്തിലെയും പുരുഷനെയാണ് അഥവാ patriarchy യെ ആണ് ഇരുസിനിമകളും വിമർശിച്ചത്.
ശബരിമല യുവതീ പ്രവേശനം, മലയാള സിനിമ രംഗത്തുള്ള ലൈംഗീക അതിക്രമം ഇതൊക്കെയുമായി ബന്ധപ്പെട്ട് ഒരു കൂട്ടം സ്ത്രീകൾ പൊതുമധ്യത്തിൽ സംസാരിക്കാൻ ഇറങ്ങിയപ്പോൾ ആണ് കൂടുതലായും ‘ഫെമിനിസം’ എന്ന വാക്കിനു ഒരു ലിംഗം കൈവന്നത്; അവരൊക്കെയും ‘ഫെമിനിച്ചികളായി’ മാറിയത്! (അതെ സമയം മറ്റൊരു parallel universe ൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ പോയ വനിതാ പട്ടാളക്കാരുടെയും സിവിൽ സർവീസിൽ ഉള്ള വനിതാ ജീവനക്കാരുടെയും ഒക്കെ ഫോട്ടോ ഇട്ടിട്ട് ഇതാണ് യഥാർഥ ഫെമിനിസം എന്നൊക്കെ പറഞ്ഞു നടന്നിരുന്നു പലരും).

ആണിനോട് എതിർത്തു സംസാരിക്കുന്നവൾ, സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉയർന്നു നിന്ന് പോരാടുന്നവൾ, സ്വന്തമായി വരുമാനമുണ്ടാക്കാൻ കഷ്ടപ്പെടുന്നവൾ, കല്യാണം സ്വന്തം താൽപ്പര്യത്തിന് അനുസരിച് മാത്രം തീരുമാനിക്കാൻ അവകാശമുള്ളവൾ, തന്റെ ശരീരത്തിൽ എന്ത് വസ്ത്രം ധരിക്കണം എന്ന് തീരുമാനിക്കാൻ ധൈര്യം ഉണ്ടാവേണ്ടവൾ- അങ്ങനെ തന്റെ ഐഡന്റിറ്റി മാറ്റാരുമാലും തീരുമാനിക്കപ്പെടാൻ അനുവദിക്കാത്തവളായി ഒരു സ്ത്രീയെ വാർത്തെടുക്കാൻ.. അതിലൂടെ പുരുഷനും സ്ത്രീക്കും സമൂഹത്തിൽ തുല്യത കൊണ്ടുവരാൻ ശബ്ദം ഉയർത്തുന്നവർ ആരായാലും അവരെയൊക്കെ ‘ഫെമിനിച്ചി’ ആക്കി ജൻഡർ കല്പിച്ച് stereotype ചെയ്യുന്ന സൊസൈറ്റിയിലേക്ക് ഒരു ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ ഓ ഫെമിനിച്ചി ഫാത്തിമയോ ഒക്കെ ഇടക്ക് വരുന്നത് കാണുമ്പോൾ വല്ലാത്തൊരു ആത്മനിർവൃതി! കാരണം, ചിലർക്കെങ്കിലും നമ്മൾ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് നമ്മൾ ഇപ്പോൾ ജീവിക്കുന്നത് എന്നത് ഓർമ്മപ്പെടുത്തിയാലേ ഓർക്കു!

സിനിമ കാണാൻ പോകുന്നവർക്ക് ഉള്ള ഒരു മുന്നറിയിപ്പ് ആണ് : നിമിഷയുടെ കഥാപാത്രം കലക്കവെള്ളം സുരാജിന്റെ കഥാപാത്രത്തിന്റെ മുഖത്തേക്ക് വലിച്ചെറിയുമ്പോൾ മുഖം ചുളിഞ്ഞവർക്ക് ഒടുവിൽ ഫാത്തിമ സുഖമായി കിടന്നുറങ്ങുന്നത് കാണുമ്പോഴും ചുളിയും, ചുളുങ്ങും!

8 വർഷത്തിന് മേലെയായി ദുരിതം അനുഭവിച്ചു വന്ന ഒരു സ്ത്രീ തനിക്ക് ഇപ്പോഴും നീതി ലഭിച്ചിട്ടില്ല എന്ന് ഉറക്കെ പറഞ്ഞ ഒരു ദിവസം കൂടിയാണല്ലോ ഇന്ന്. ആ ‘ഫെമിനിച്ചിക്ക് ഒപ്പം‘ എന്ന് പറയാതെ ഈ എഴുത്ത് എങ്ങനെ അവസാനിപ്പിക്കാനാണ്!

Share the Post:
Article from Vinayak Mohan