കാണുമാറാകണം

Share the Post:

ഒന്ന്

കണ്ണനാം ഉണ്ണിയെ കാണുമാറാകേണം
കാർമുകിൽ വർണ്ണനെ കാണുമാറാകേണം
കിങ്ങിണി നാദങ്ങൾ കേൾക്കുമാറാകേണം
കീർത്തനം ചൊല്ലിപ്പുകഴ്ത്തുമാറാകേണം
(കണ്ണനാം ഉണ്ണിയെ …)

കുമ്മിണിപ്പൈതലെക്കാണുമാറാകേണം
കൂത്തുകൾ ഓരോന്നും കേൾക്കുമാറാകേണം
കെല്പ്പേറും പൈതലേ കാണുമാറാകേണം
കേളികളോരോന്നു കേൾക്കുമാറാകേണം
(കണ്ണനാം ഉണ്ണിയെ …)

കൈവല്യമൂർത്തിയെ കാണുമാറാകേണം
കൊഞ്ചലോടും മൊഴി കേൾക്കുമാറാകേണം
കോടക്കാർവർണ്ണനെ കാണുമാറാകേണം
കൗതുക പൈതലേ കാണുമാറാകേണം
കണ്ണനാമുണ്ണിയെക്കാണുമാറാകേണം
കണ്ടു കണ്ടുള്ളം തെളിയുമാറാകേണം
(കണ്ണനാം ഉണ്ണിയെ …)

രണ്ട്

പൂതന തൻ മുലയുണ്ടോരു പൈതലിൻ
ചാതുരിയും മമ കാണുമാറാകേണം

പെൺപൈതൽ മാറി യശോദ വളർത്തി –
യൊരാൺ പൈതലേ നിന്നെ കാണുമാറാകേണം

പേരും പെരുപ്പവും ചൊല്ലുവല്ലായ്‌കയും
പത്മനാഭാ നിന്നെ കാണുമാറാകേണം.

പൈ പെരുത്തച്ചിമാർ വീടുകളിൽ പുക്കു
പത്മനാഭാ നിന്നെ കാണുമാറാകേണം

പൊന്നിൻ ചിലമ്പും പുലിനഖമോതിരം
എന്നുണ്ണികൃഷ്ണനെ കാണുമാറാകേണം

പോരാടി മല്ലരെ മെല്ലെ ഞെരിച്ചുകൊ –
ന്നാരോമലേ നിന്നെക്കാണുമാറാകേണം

പൗരഷം കൊണ്ടു പതിനാലു ലോകവും
പാലിച്ച കോലത്തെ കാണുമാറാകേണം

പാശം കൊണ്ടന്തകൻ കെട്ടിയിഴക്കുമ്പോൾ
ആലസ്യം തീർത്തെന്നെ രക്ഷിച്ചുകൊള്ളണം

ശ്രീപത്മനാഭാ മുകുന്ദാ മുരാന്തക!
നാരായണ നിന്നെ കാണുമാറാകണം.

Share the Post:
Article from പൂന്താനം