കണികാണും നേരം / നരകവൈരീസ്തോത്രം

Share the Post:

കണികാണും നേരം കമലാനേത്രന്റെ
നിറമേറും മഞ്ഞത്തുകിൽ ചാർത്തി
കനകക്കിങ്ങിണി വളകൾ മോതിര-
മണിഞ്ഞുകാണേണം… ഭഗവാനേ!

നരകവൈരിയാം അരവിന്ദാക്ഷന്റെ
ചെറിയനാളത്തെ കളികളും
തിരുമെയ് ശോഭയും കരുതി കൂപ്പുന്നേൻ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

മലർ‌‍മാതിൻ കാന്തൻ, വസുദേവാത്മജൻ
പുലർകാലേ പാടി കുഴലൂതി
ചിലുചിലെയെന്നു കിലുങ്ങും കാഞ്ചന-
ച്ചിലമ്പിട്ടോടിവാ… കണികാണ്മാൻ.

ശിശുക്കളായുള്ള സഖിമാരും താനും
പശുക്കളെ മേച്ചു നടക്കുമ്പോൾ
വിശക്കുമ്പോൾ വെണ്ണ കവർ‌‍ന്നുണ്ണും കൃഷ്ണാ
അടുത്തുവാ ഉണ്ണീ… കണികാണ്മാൻ.

ബാലസ്ത്രീകടെ1 തുകിലും വാരിക്കൊ-
ണ്ടരയാലിൻ കൊമ്പത്തിരുന്നോരോ
ശീലക്കേടുകൾ പറഞ്ഞും ഭാവിച്ചും
നീലക്കാർവർണാ… കണികാണ്മാൻ.

എതിരെ2 ഗോവിന്ദനരികെ വന്നോരോ
പുതുമയായുള്ള വചനങ്ങൾ
മധുരമാം വണ്ണം പറഞ്ഞും താൻ മന്ദ-
സ്മിതവും തൂകി വാ… കണികാണ്മാൻ.

Share the Post:
Article from പൂന്താനം