ടി എസ് പി മൂസത്, തെങ്ങുണ്ണൂരില്ലം, അരീപ്പറമ്പ്
നമ്മുടെ ഭരണഘടന (constitution) പ്രകാരം അഭിപ്രായ സ്വാതന്ത്ര്യം ഒരു പൗരന്റെ മൗലിക അവകാശമാണ് (fundamental right). സ്വാതന്ത്ര്യത്തിൻമേൽ ഏർപ്പെടുത്തിയിട്ടുള്ള ന്യായമായ നിയന്ത്രണങ്ങളാണ് മാനനഷ്ടക്കേസ്സുകളെ സംബന്ധിച്ചുള്ള നിയമവ്യവസ്ഥകൾ. അടിസ്ഥാനമില്ലാതെയും പൊതുജനനന്മയ്ക്കു വേണ്ടിയല്ലാതെയും മറ്റൊരാൾക്ക് എതിരെ ആരോപണം ഉന്നയിക്കുന്നതിന് ആർക്കും അവകാശമില്ല.
ലഘു (simple) ആയി പറഞ്ഞാൽ മറ്റൊരാളുടെയോ സ്ഥാപനത്തിന്റെയോ സൽപേരിന് ഹാനി വരുത്തുന്ന രീതിയിൽ വാക്കുകൾ കൊണ്ടോ പ്രവർത്തികൾ കൊണ്ടോ ആരോപണം ഉന്നയിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നതിനെ അപകീർത്തിപ്പെടുത്തി എന്ന് പറയാം. ഏതെങ്കിലും ചിത്രമോ സാധനങ്ങളോ പ്രദർശിപ്പിച്ചാലും മതി. നമ്മുടെ ഇന്ത്യയിലെ നീതിന്യായവ്യവസ്ഥപ്രകാരം അപകീർത്തിക്ക് വിധേയമാകുന്നവർക്ക് അപകീർത്തികരമായ ആരോപണം ഉന്നയിച്ചവർക്ക് എതിരെ സിവിലായും (civil) ക്രിമിനലായും (criminal) നടപടി സ്വീകരിക്കാം. മാനനഷ്ടത്തിന്, നഷ്ടപരിഹാരത്തിന് സിവിൽ കോടതിയെ സമീപിക്കാം. ഇന്ത്യൻ ശിക്ഷാനിയമം (Indian Penal code) 499-ാം വകുപ്പിൽ അപകീർത്തി (Defamation) എന്താണ് എന്ന് സമഗ്രമായ നിർവചനം കൊടുത്തിട്ടുണ്ട്. അതു പ്രകാരം ഒരാളുടെ സൽപ്പേരിന് ഹാനി വരുത്തണമെന്നുദ്ദേശിച്ചോ, ഹാനികരമാണെന്ന് അറിഞ്ഞു കൊണ്ടോ, അപ്രകാരം സംഭവിച്ചേക്കുമെന്ന് വിശ്വസിക്കുവാൻ കാരണം ഉള്ളപ്പോഴോ വാക്കുകൾ കൊണ്ടോ മറ്റു പ്രകടന സമ്പ്രദായങ്ങൾ മൂലമോ അയാളെപ്പറ്റി ആരോപണം ഉന്നയിക്കുകയോ പ്രസിദ്ധീകരിക്കുകയോ ചെയ്യുന്നത് അപകീർത്തിപ്പെടുത്തുക എന്ന കുറ്റകൃത്യമാണ്. 500-ാം വകുപ്പുപ്രകാരം രണ്ടുവർഷം വരെ തടവു ശിക്ഷ ലഭിക്കാം. പിഴയും ആകാം. രണ്ട് ശിക്ഷയും ആകാം.
മരിച്ച ആളെ പറ്റി ആരോപണം ഉന്നയിക്കുന്നത് അയാളുടെ കുടുംബാംഗങ്ങൾക്കോ ബന്ധുക്കൾക്കോ അപകീർത്തികരമായേക്കാം. ഒരു കമ്പനിയെ സംബന്ധിച്ചോ സംഘടനയെക്കുറിച്ചോ ഒരു വിഭാഗം ആളുകളുടെ സംഘത്തെപ്പറ്റിയോ ഏതെങ്കിലും ആരോപണം പറയുന്നതും അപകീർത്തികരമാകുന്ന സന്ദർഭങ്ങൾ ഉണ്ട്. ദ്വയാർത്ത പ്രയോഗങ്ങളും വിപരീദാർത്ഥം സൂചിപ്പിക്കുന്ന ധ്വനികളും ഈ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരും. പേരെടുത്ത് പറഞ്ഞില്ലെങ്കിലും ആരെയൊക്കെ സംബന്ധിച്ചാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുവാൻ കഴിഞ്ഞാൽ അപകീർത്തികരമാകും. ആർക്കെങ്കിലും അപകീർത്തികരമായി തീരുന്ന വസ്തുതകൾ അച്ചടിക്കുകയോ കൊത്തിവയ്ക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. മേൽപ്പറഞ്ഞ സാധനങ്ങൾ വിൽക്കുകയോ വിൽക്കാൻ ശ്രമിക്കുകയോ ചെയ്യുന്നതും കുറ്റകരമാണ്.
എല്ലാ ആരോപണങ്ങളും കുറ്റകരമായ ദുരാരോപണങ്ങൾ ആവുകയില്ല. ഒരാളുടെ സന്മാർഗപരവും ബുദ്ധിപരവുമായ സ്വഭാവം തൊഴിലിനോടോ ജാതിയോടോ ബന്ധപ്പെട്ട സവിശേഷതകൾ, അയാളുടെ വിശ്വാസ്യത എന്നിവയെ കുറിച്ച് മറ്റുള്ളവരുടെ ഇടയിൽ ഉള്ള മതിപ്പ് കുറയ്ക്കുന്ന ആരോപണങ്ങൾ അയാളുടെ യശ്ശസ്സിന് ഹാനികരമാണ്. അതുപോലെതന്നെ ഒരാളുടെ ശരീരം അറപ്പുളവാകത്തക്ക സ്ഥിതിയിലാണെന്ന് ആളുകൾ വിശ്വസിക്കുന്നതിനിടയാക്കുന്ന ആരോപണങ്ങളും ദുരാരോപണങ്ങളാണ്.
അപകീർത്തികരമായ ആരോപണം ഏതൊക്കെ സാഹചര്യങ്ങളിൽ കുറ്റകരമാവുകയില്ല എന്ന് ഇന്ത്യൻ ശിക്ഷാ നിയമം (Indian Penal code) 499-ാം വകുപ്പിൽ വളരെ വിശദമായി പറഞ്ഞിട്ടുണ്ട്. 10 (പത്ത്) സാഹചര്യങ്ങൾ പറയുന്നുണ്ട്. സ്ഥലപരിമിതിമൂലം അവ വിശദീകരിക്കുവാൻ ഉദ്ദേശിക്കുന്നില്ല. പൊതുനന്മയ്ക്കായി ഉന്നയിക്കുന്ന സത്യമായ ആരോപണങ്ങൾ, കോടതി നടപടികളുടെ സത്യസന്ധമായ റിപ്പോർട്ടുകൾ, അധികാര സ്ഥാനങ്ങളിൽ കൊടുക്കുന്ന പരാതി, ആരോപണവിധേയരായ ആളിന്റെ നന്മയ്ക്കോ പൊതുജനനന്മയ്ക്കോ വേണ്ടി കൊടുക്കുന്ന മുന്നറിയിപ്പുകൾ തുടങ്ങിയവ കുറ്റകാരമാവുകയില്ല.
ഇന്ത്യൻ ശിക്ഷാ നിയമം (Indian Penal code) 2014-ൽ റദ്ദാക്കി. അതിന്റെ സ്ഥാനത്ത് പുതിയനിയമം ഭാരതീയ ന്യായ സംഹിത (BharThiya Nyaya Samhitha) നിലവിൽ വന്നെങ്കിലും മേൽപ്പറഞ്ഞ കാര്യങ്ങൾക്ക് കാര്യമായി മാറ്റങ്ങൾ വരുത്തിയില്ല. വകുപ്പുകളുടെ (section) നമ്പർ മാറ്റി എന്നല്ലാതെ.
ഇപ്പോൾ സമീപകാലത്ത് പല രാഷ്ട്രീയ നേതാക്കളും തങ്ങളുടെ രാഷ്ട്രീയ എതിരാളികൾക്കെതിരെ അടിസ്ഥാനമില്ലാത്ത പല ആരോപണങ്ങൾ ഉന്നയിക്കുകയും പിന്നീട് നിയമക്കുരുക്കിൽ പെടുകയും ചെയ്യുന്ന അനുഭവങ്ങൾ ഒട്ടനവധി ഉണ്ടായിട്ടുണ്ട്. അവർ, ചിലപ്പോൾ പിന്നീട് നിയമക്കുറിപ്പിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി താൻ അങ്ങനെയല്ല ഉദ്ദേശിച്ചത് എന്ന് പറഞ്ഞ് രക്ഷപ്പെടുവാൻ ശ്രമിക്കാറുണ്ട്. അതുപോലെ പല രാഷ്ട്രീയ നേതാക്കളും തന്റെ രാഷ്ട്രീയ പ്രതിയോഗിക്ക് എതിരെയും, ഭരിക്കുന്നവർ തങ്ങൾക്കെതിരെ വിമർശനം ഉന്നയിക്കുന്നവരെ നിശബ്ദരാക്കണം എന്ന ഉദ്ദേശത്തിലും അടിസ്ഥാനമില്ലാതെ പോലീസിനെ കൊണ്ട് അപകീർത്തിക്ക് ക്രിമിനൽ നടപടികൾ എടുക്കാറുണ്ട്. അപ്രകാരം നമ്മുടെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത ക്രൈംസ് (F.I.R.) റദ്ദാക്കാമെന്നാവശ്യപ്പെട്ട് പ്രതികമാക്കപ്പെട്ടവർ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്യാറുണ്ട്. ഹർജികളുടെ ബാഹുല്യം കണ്ട്, ഈ അടുത്തകാലത്ത് ബഹുമാനപ്പെട്ട സുപ്രീംകോടതിയിലെ ഒരു ജഡ്ജി അപകീർത്തി എന്ന വകുപ്പ് ക്രിമിനൽ കുറ്റങ്ങളുടെ (offence) പട്ടികയിൽ നിന്നും മാറ്റേണ്ട കാര്യം അതിക്രമിച്ചു എന്നും അതിനെപ്പറ്റി നിയമനിർമ്മാണ സഭ (legislature) ചിന്തിക്കണമെന്നും അഭിപ്രായപ്പെടുകയുണ്ടായി. നിയമങ്ങൾ ദുരുപയോഗം ചെയ്യുവാൻ ഉദ്ദേശിച്ചല്ല നടപ്പാക്കിയിരിക്കുന്നത്, അത് പൗരന്റെ സ്വര്യൈ ജീവിതം ഉറപ്പുവരുത്തുവാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്.
